സഹോദരങ്ങൾക്കും സിനിമാ സുഹൃത്തുക്കൾക്കും മമ്മൂട്ടി (Mammootty) എന്നാൽ അവരുടെ ഇച്ചാക്കയാണ്. മോഹൻലാലും വിളിക്കുന്നതങ്ങനെ. പക്ഷെ ഉമ്മ ഫാത്തിമയ്ക്കു മൂത്തമകൻ മമ്മൂഞ്ഞാണ്. വിവാഹം കഴിഞ്ഞ് അഞ്ചു കൊല്ലത്തെ കാത്തിരിപ്പിനു ശേഷം പിറന്ന മകനെ ഉമ്മ പുന്നാരിച്ചാണ് വളർത്തിയത്. പിന്നീട് മൂന്നു പെൺമക്കളും രണ്ടാണ്മക്കളും ഇസ്മായേൽ - ഫാത്തിമ ദമ്പതികൾക്ക് പിറന്നു
മകൻ സിനിമയിൽ വലിയ ആളായെങ്കിലും ഉമ്മയുടെ മനസ്സിൽ എന്നും മുറ്റത്തു ഓടിക്കളിക്കുന്ന കുട്ടിയാണ് ആ കുഞ്ഞ്. "എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും," എന്ന് മമ്മൂട്ടി തന്നെ പറയുകയുണ്ടായി