ഏറ്റവും പ്രൌഢഗംഭീരമായ ഒരു വിവാഹത്തിന് സാക്ഷിയായിരിക്കുകയാണ് ജോർദാൻ. അവിടുത്തെ രാജകുമാരി ഇമാന്റെ വിവാഹമാണ് സംഭവബഹുലമായത്. ജോർദാനിലെ റാനിയ രാജ്ഞിയുടെയും അബ്ദുള്ള രണ്ടാമൻ രാജാവിന്റെയും മകളായ ഇമാൻ രാജകുമാരി അമേരിക്കക്കാരനായ ജമീൽ അലക്സാണ്ടർ തെർമിയോട്ടിസിനെ 2023 മാർച്ച് 12 ഞായറാഴ്ചയാണ് വിവാഹം കഴിച്ചത്.
എൽ പെയ്സ് പത്രം പറയുന്നതനുസരിച്ച്, "വിവാഹത്തിൽ 150 അതിഥികൾ പങ്കെടുത്തു, ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ബെയ്ത് അൽ-ഉർദുൻ കൊട്ടാരത്തിൽ പരമ്പരാഗതവും ആഡംബരപൂർണ്ണവുമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്". മാർച്ച് 12 ന് വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും മുസ്ലീം ആചാരങ്ങൾ പാലിച്ച് അഞ്ച് ദിവസം മുമ്പ് ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. കുടുംബത്തിലെ സ്ത്രീകളും അടുത്ത സുഹൃത്തുക്കളുമാണ് ഇമാൻ രാജകുമാരിയുടെ മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്തത്.
1994-ൽ വെനസ്വേലയിലെ കാരക്കാസിൽ ജനിച്ച വരൻ ഗ്രീക്ക് വംശപരമ്പരയുള്ളയാളാണ്. അലക്സാൻഡ്രോ തെർമിയോട്ടിസ് ഫയൽസാരിയുടെയും കോറിന ഹെർണാണ്ടസ് ഡി തെർമിയോട്ടിസിന്റെയും മകനായ അദ്ദേഹത്തിന് അലക്സിയ, അലജാൻഡ്രോ എന്നീ രണ്ട് സഹോദരങ്ങളുണ്ട്. തെർമിയോട്ടിസ് തന്റെ സഹോദരങ്ങൾക്കൊപ്പം അമേരിക്കയിലെ മിയാമിയിലാണ് വളർന്നതും പഠിച്ചതും.
ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിച്ചു. ഇപ്പോൾ ന്യൂയോർക്കിൽ താമസിക്കുന്നു. സാമ്പത്തികമേഖലയിലാണ് ജോലി. സെമന മാഗസിൻ പറയുന്നതനുസരിച്ച്, "ജോർദാനിലെ രാജാവിന്റെയും രാജ്ഞിയുടെയും രണ്ടാമത്തെ മകളെ വിവാഹം കഴിക്കാൻ, ബിസിനസുകാരന് ഇസ്ലാം മതം സ്വീകരിക്കേണ്ടിവന്നു, അതിനാലാണ് അദ്ദേഹം തന്റെ പേര് ജമീൽ എന്ന് മാറ്റിയത്."