വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കേണ്ടെന്ന് വധുവിനോട് വരൻ. പരിശുദ്ധ അല്ലാത്തവർ വിവാഹദിവസം വെളുത്ത വസ്ത്രം ധരിക്കാൻ പാടില്ലെന്നാണ് തന്റെ കുടുംബത്തിലെ ആചാരമെന്നും വരൻ പറഞ്ഞു. ആകെ തകർന്ന പെൺകുട്ടി വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. പിന്നാലെ താൻ ചെയ്തതിൽ എന്താണ് തെറ്റെന്ന് ചോദിച്ച് യുവാവ് സോഷ്യൽമീഡിയയിൽ പോസ്റ്റുമിട്ടു. ഇതോടെ നെറ്റിസൺസ് യുവാവിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
പേര് വെളിപ്പെടുത്താത്ത 32 കാരനാണ് തന്റെ കുടുംബത്തിൽ നിലനിൽക്കുന്ന ആചാരം ചൂണ്ടിക്കാട്ടി 23 കാരിയായ വധുവിനെ വെള്ളവസ്ത്രം ധരിക്കുന്നതിൽ നിന്ന് വിലക്കിയത്. ഇംഗ്ലണ്ടിലാണ് സംഭവം. ഞാനും ഭാവിവധുവും ഉടൻ വിവാഹിതരാകാൻ ആലോചിക്കുകയായിരുന്നു. കടുത്ത ക്രിസ്തുമത വിശ്വാസികളാണ് എന്റെ കുടുംബം. വധു കന്യകയല്ലെങ്കിൽ വിവാഹ ദിവസം വെള്ള വസ്ത്രം ധരിക്കാൻ പാടില്ലെന്നാണ് ആചാരം- യുവാവ് പറയുന്നു.
ഞാൻ വിവാഹം കഴിക്കാൻ പോകുന്ന യുവതി കന്യകയല്ലെന്ന് എന്റെ കുടുംബത്തിന് അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അമ്മ ചോദിച്ചപ്പോൾ, ഞങ്ങൾ കണ്ടുമുട്ടിയതടക്കം എല്ലാ കാര്യങ്ങളും സത്യം സത്യമായി ഞാൻ തുറന്നുപറഞ്ഞു. എന്നെ കണ്ടുമുട്ടുന്നതിന് മുൻപേ അവൾക്ക് കാമുകന്മാരുണ്ടായിരുന്നുവെന്ന കാര്യവും ഞാൻ തുറന്നുപറഞ്ഞു- 32കാരൻ കൂട്ടിച്ചേർത്തു.
എന്നാൽ, പിന്നീട് യുവതിയുടെ മനസ് മാറിയെന്നും വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് അറിയിച്ചെന്നും യുവാവ് പറയുന്നു. ഏറെ അപമാനിക്കപ്പെട്ടുവെന്നും അതിനാൽ എന്നെ വിവാഹം കഴിക്കുന്നില്ലെന്നുമാണ് ഇപ്പോൾ അവൾ പറയുന്നത്. അതിനുമാത്രം ഇവിടെ എന്തു വലിയ കാര്യം സംഭവിച്ചുവെന്നാണ് എനിക്ക് മനസിലാകാത്തത്-യുവാവ് പറയുന്നു. നിരാശയിലായ യുവാവ് താൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാൻ റെഡ്ഡിറ്റിൽ പോസ്റ്റിട്ടതോടെ സംഭവങ്ങളുടെ ഗതി മാറി.
രൂക്ഷവിമർശനമാണ് യുവാവിനെതിരെ ഉയർന്നത്. - ഇതു ഒരു അസുഖമാണ്. ഈ സംഭവത്തിന് ശേഷവും നിങ്ങളുടെ കാമുകി നിങ്ങൾക്കൊപ്പം തുടരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല; ഇതു ക്രിസ്ത്യൻ മതാചാരമല്ല, ആധുനികകാലത്തെ രീതിയുമല്ല. അവിവാഹിതരും കന്യകകളുമായ യുവതികൾ ഏതുവർണത്തിലുള്ള വസ്ത്രവും അണിയാൻ തടസ്സമില്ല. ഇരുപതാംനൂറ്റാണ്ടുവരെ നീല ആയിരുന്നു പരിശുദ്ധതയുടെ നിറം; തങ്ങൾക്ക് ഇഷ്ടമായ നിറമാണ് വിവാഹദിവസം വധുവും വരനും ധരിക്കുക- എന്നിങ്ങനെ പോകുന്നു മറുപടികൾ.