ബെംഗളൂരു: മുഖ്യമന്ത്രിയായി ചുമതലയേറ്റ ബി.എസ് യെദ്യൂരപ്പയ്ക്ക് നൽകിയ ഗിഫ്റ്റിൽ പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് മേയർ ഗംഗാംബികെ മല്ലികാർജുൻ. മുഖ്യമന്ത്രിക്ക് നൽകിയ ഗിഫ്റ്റ് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞതാണ് പ്രശ്നമായത്. മേയർ നൽകിയ ഡ്രൈ ഫ്രൂട്ട്സ് ഗിഫ്റ്റാണ് പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞിരുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് 500 രൂപ പിഴയൊടുക്കാൻ മേയർ തയ്യാറായത്.
കഴിഞ്ഞ ദിവസമാണ് മേയർ, മുഖ്യമന്ത്രിക്ക് ഗിഫ്റ്റ് നൽകിയത്. എന്നാൽ ഈ ചിത്രം 24 മണിക്കൂറിനകം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നഗരത്തിലെ നിരവധി കടകളിൽ മേയർ നേരിട്ട് റെയ്ഡ് നടത്തി പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് വിവാദത്തിൽപ്പെട്ടത്. ഇതാണ് മേയർ ഗിഫ്റ്റ് നൽകുന്ന ചിത്രം വൈറലാകാനും കാരണം.