ന്യൂഡൽഹി: പതിനഞ്ച് ദിവസത്തെ സൈനിക സേവനത്തിന് ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിംഗ് ധോണി ന്യൂഡൽഹിയിൽ മടങ്ങിയെത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ ധോണി 106 ടെറിറ്റോറിയല്‍ ആര്‍മി ബറ്റാലിയനില്‍ അംഗമായാണ് കശ്മീരിൽ സേവനം നടത്തിയത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെയാണ് ധോണി സൈനിക സേവനം നടത്തിയത്. ഈ സമയത്ത് തന്നെയാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയത്.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ലഡാക്കും ധോണി സന്ദർശിച്ചിരുന്നു. അവിടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ധോണി സൈനിക ആശുപത്രിയിലെ രോഗികളുമായും സംവദിച്ചു. ഇതിന് ശേഷമാണ് ധോണി തിരിച്ചെത്തിയത്. ലഡാക്കിലെ ലേ വിമാനത്താവളത്തിൽ എത്തിയ ധോണിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. മകൾ സിവയുമായി ധോണി ലേയിൽ വച്ച് തന്നെ കണ്ടുമുട്ടിയിരുന്നു.