തെലുങ്ക് സിനിമയിലെ യുവ സൂപ്പർതാരങ്ങളിലൊരാളാണ് നാഗ ചൈതന്യ അക്കിനേനി. യെ മായ ചേസാവേ, മജിലി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലൂടെയാണ് നാഗ ചൈതന്യ പ്രേക്ഷകരുടെ പ്രിയ നടനായി മാറിയത്. സമ്പന്നമായ സിനിമാകുടുംബത്തിൽനിന്നാണ് ഇദ്ദേഹത്തിന്റെ വരവ്. തെലുങ്ക് സിനിമയിലെ മുൻനിരതാരങ്ങളായ അക്കിനേനി നാഗാർജുനയുടെയും ലക്ഷ്മി ദഗ്ഗുബതിയുടെയും മകനാണ് നാഗചൈതന്യ. അദ്ദേഹത്തിന്റെ മുത്തച്ഛൻ, അന്തരിച്ച നടനും ചലച്ചിത്ര നിർമ്മാതാവുമായ അക്കിനേനി നാഗേശ്വര റാവു, പ്രധാനമായും തെലുങ്ക് സിനിമയിലെ ഒരു ഇതിഹാസ താരം കൂടിയായിരുന്നു.
നാഗാർജുനയുടെ രണ്ടാം ഭാര്യയായ അമല അക്കിനേനിയും നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ്. ആകർഷകമായ വ്യക്തിത്വത്തിനും അസാധാരണമായ അഭിനയ വൈദഗ്ധ്യത്തിനും പേരുകേട്ടയാളാണ് നാഗ ചൈതന്യ. തന്റെ ആദ്യ ചിത്രമായ ജോഷിലൂടെ മികച്ച നവാഗത പുരുഷ താരത്തിനുള്ള ഫിലിംഫെയർ അവാർഡ് (സൗത്ത്) ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
2009-ലെ ജോഷ് മുതൽ 2022-ൽ ലാൽ സിംഗ് ഛദ്ദ വരെ തന്റെ പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു. ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവേ (2010) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം സൂപ്പർതാരപദവിയിലേക്ക് എത്തുന്നത്. യേ മായ ചേസാവേയുടെ വിജയത്തിന് ശേഷം, 100% ലവ് (2011), മനം (2014), പ്രേമം (2016), മജിലി (2019) തുടങ്ങിയ നിരവധി ഹിറ്റുകളിൽ നാഗ ചൈതന്യ അഭിനയിച്ചു.
തുടർച്ചയായി ബോക്സോഫീസ് ഹിറ്റുകൾ വന്നതോടെ നാഗചൈതന്യയുടെ ആസ്തിയും വർദ്ധിച്ചു. തെലുങ്കിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് ഇപ്പോൾ നാഗ ചൈതന്യ. സിയാസത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിന്റെ ആകെ ആസ്തി 154 കോടി രൂപയാണ്. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ബ്ലോക്ക്ബസ്റ്ററുകളാണ്, ഒരു സിനിമയിൽ അഭിനയിക്കുന്നതിന് 10-12 കോടി രൂപയും ബ്രാൻഡ് അംബാസഡറായി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് 1.5-2 കോടി രൂപയുമാണ് നാഗ ഈടാക്കുന്നതെന്ന് സിയാസത്ത് റിപ്പോർട്ട് ചെയ്തു.
സിനിമാ അഭിനയത്തിന് പുറമെ ബിസിനസിലും നാഗചൈതന്യ ശ്രദ്ധേയനായി മാറുകയാണ്. നാഗ ചൈതന്യ ഹൈദരാബാദിൽ ഷോയു എന്ന പേരിൽ സ്വന്തമായി ക്ലൗഡ് കിച്ചണും ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലെ എല്ലാ ഭക്ഷണ പ്രേമികൾക്കും പാൻ-ഏഷ്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന ആഡംബര ഭക്ഷണകേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. ഇതിന് കൂടുതൽ ബ്രാഞ്ചുകൾ തുറക്കാനുള്ള ശ്രമത്തിലാണ് നാഗ ചൈതന്യ.
മുൻ ഭാര്യയും നടിയുമായ സാമന്ത റൂത്ത് പ്രഭുവുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം നാഗ ചൈതന്യ ഒരു 5 സ്റ്റാർ ഹോട്ടലിലായിരുന്നു താമസം. Gulte.com-ന്റെ സമീപകാല റിപ്പോർട്ടുകൾ പ്രകാരം, നാഗചൈതന്യ ഹൈദരാബാദിൽ ഒരു പുതിയ ആഡംബര വീട് വാങ്ങിയെന്നും കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമായി ഒരു ഗൃഹപ്രവേശ ചടങ്ങ് നടത്തുമെന്നും പ്രതീക്ഷിക്കുന്നു.അത്യാഡംബര സംവിധാനങ്ങളുള്ള ഒരു പ്രീമിയം വില്ലയാണ് നാഗ ചൈതന്യ സ്വന്തമാക്കിയിട്ടുണ്ട്.