മോണ്ട്രിയൽ: വിമാനം പറന്നുയർന്നപ്പോൾ ഉറക്കത്തിലേക്ക് വഴുതി വീണതായിരുന്നു അവൾ. ഉണർന്നുനോക്കിയപ്പോൾ ചുറ്റും കൂരാകൂരിരുട്ട്. ഒന്നും മനസിലാകുന്നില്ല. ഒരു നിമിഷത്തേക്ക് അവളൊന്ന് പകച്ചുപോയി എന്ത് ചെയ്യണമെന്ന് അറിയില്ല. ഈ മാസമാദ്യം എയർ കാനഡ വിമാനത്തിൽ സംഭവിച്ച കാര്യമാണിത്. ടിഫാനി ആദംസ് എന്ന യുവതിക്ക് സംഭവിച്ചത് സുഹൃത്ത് ഫേസ്ബുക്കിൽ ഇടുകയായിരുന്നു. ഇറങ്ങേണ്ട സ്ഥലമെത്തിയിട്ടും ഉറക്കമുണരാതിരുന്ന യാത്രക്കാരിയുടെ കാര്യം സഹയാത്രികരും ജീവനക്കാരും മറന്നുപോയി. യാത്രക്കാരെയെല്ലാം ഇറക്കി, വിമാനം പാർക്കിങ് ഗ്രൌണ്ടിലേക്ക് മാറ്റിയിട്ടശേഷമാണ് യാത്രക്കാരി ഉറക്കമുണർന്നത്.
കണ്ണുതുറന്നപ്പോൾ ചുറ്റിലും ഇരുട്ടായിരുന്നു. ഒരുനിമിഷത്തേക്ക് പകച്ചുപോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത ടിഫാനി ഫോണെടുത്ത് ഒരു സുഹൃത്തിനെ വിളിച്ചു. എന്നാൽ സംസാരിച്ചുകൊണ്ടിരിക്കെ ബാറ്ററി ചാർജ് തീർന്നുപോയതിനാൽ ഫോൺ ഓഫായി. സീറ്റിനിരികിലെ എല്ലാ യുഎസ്ബി പോർട്ടുകളിലും ചാർജ് ചെയ്യാൻ നോക്കിയെങ്കിലും വിമാനത്തിൽ വൈദ്യുതിയില്ലായെന്ന കാര്യം പിന്നീടാണ് മനസിലായത്.
ഒടുവിൽ തപ്പിത്തടഞ്ഞ് കോക്ക്പിറ്റിൽ കയറി. ഭാഗ്യത്തിന് അവിടെ ഒരു ചെറിയ ടോർച്ച് ഉണ്ടായിരുന്നു. അതെടുത്ത് വെട്ടം തെളിച്ച് വാതിൽ കണ്ടുപിടിച്ചു. വാതിൽ തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും 50 അടി താഴ്ചയുണ്ടായിരുന്നു. കോണിപ്പടിയില്ലാത്തതിനാൽ ചാടിയാൽ കാലൊടിയുമെന്ന് ഉറപ്പ്. വാതിലിൽനിന്ന് പുറത്തേക്ക് ടോർച്ച് തെളിച്ചുകൊണ്ടിരുന്നു. ആരെങ്കിലും കണ്ട് വന്നാലോ? ഭാഗ്യത്തിന് ലഗേജ് വാഹനത്തിന്റെ ഡ്രൈവർ അത് കണ്ടു. അയാൾ അവിടേക്ക് എത്തിയ ടിഫാനിയെ വിമാനത്തിൽനിന്ന് ഇറങ്ങാൻ സഹായിക്കുകയായിരുന്നു.