ശിൽപ ഷെട്ടിയുടെ പുതിയ ചാറ്റ് ഷോ 'ഷേപ്പ് ഓഫ് യു' എന്ന പരിപാടിയിൽ ഷെഹ്നാസ് ഗിൽ (Shehnaaz Gill) അതിഥിയായെത്തി. അവിടെ പഞ്ചാബി നടിയായ ഷെഹ്നാസ് അന്തരിച്ച നടനും മുൻ ബിഗ് ബോസ് 13 വിജയിയുമായ സിദ്ധാർത്ഥ് ശുക്ലയുമായുള്ള (Sidharth Shukla) പ്രണയത്തെക്കുറിച്ച് സംസാരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2021 സെപ്റ്റംബർ 2 ന് സിദ്ധാർത്ഥ് അന്തരിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ തകർന്ന ഷെഹ്നാസ് ഒരു മാസത്തിലേറെ മാധ്യമങ്ങളിൽ നിന്ന് മാറിനിന്നു
മരണസമയത്ത് ഇരുവരും ഡേറ്റിംഗിലായിരുന്നുവെന്നാണ് റിപ്പോർട്ട്. കാമുകൻ മരിച്ച് മാസങ്ങൾക്ക് ശേഷം തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും 'ആസ്വദിച്ചു' എന്ന പേരിലും ഷെഹ്നാസ് പലപ്പോഴും ട്രോളിംഗിന് വിധേയയായിട്ടുണ്ട്. സിദ്ധാർത്ഥിന്റെ മരണം നടന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം നടന്ന ഒരു വിവാഹനിശ്ചയ പാർട്ടിയിൽ അവർ ചിരിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകൾക്ക് ധാരാളം വിമർശനം ലഭിച്ചു. എന്നാൽ തന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞ ഷെഹ്നാസ് ഷോയിൽ പൊട്ടിക്കരയുകയാണുണ്ടായത് (തുടർന്ന് വായിക്കുക)
“എനിക്ക് ചിരിക്കാൻ അവസരം ലഭിച്ചാൽ ഞാൻ ചിരിക്കും, സന്തോഷമായി നിൽക്കും” എന്ന് ഷെഹ്നാസ് ഗിൽ പറഞ്ഞു. 'ദീപാവലി ആഘോഷിക്കാൻ തോന്നിയാൽ ഞാൻ ദീപാവലി ആഘോഷിക്കും. കാരണം ജീവിതത്തിൽ സന്തോഷം വളരെ പ്രധാനമാണ്. ഞാൻ അത് സ്വയം ചെയ്യാൻ ശ്രമിക്കുന്നു. ഇന്ന് ഞാൻ ആദ്യമായി ഇതിനെക്കുറിച്ച് സംസാരിക്കുന്നു. അത് നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത് കൊണ്ട് മാത്രമാണ്. അല്ലാതെ ആര് എന്ത് പറഞ്ഞാലും ഞാൻ ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കില്ല.'
സിദ്ധാർഥുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിച്ച അവർ ഇങ്ങനെ പറഞ്ഞു: “സിദ്ധാർത്ഥുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് ഞാൻ എന്തിന് പറയണം? അദ്ദേഹവുമായുള്ള എന്റെ ബന്ധം എന്തായിരുന്നു എന്നതിന് ഞാൻ ആരോടും ഉത്തരം പറയേണ്ടതില്ല. അദ്ദേഹം എനിക്ക് എത്രത്തോളം പ്രധാനമായിരുന്നു, ഞാൻ അദ്ദേഹത്തിന് എത്ര പ്രധാനമാണ് എന്നെല്ലാം എനിക്കറിയാം. അതിനാൽ ഞാൻ ആരോടും വിശദീകരണം നൽകേണ്ടതില്ല," ഷെഹ്നാസ് പറഞ്ഞു
താൻ എപ്പോഴും സന്തോഷവതിയാവാനാണ് സിദ്ധാർത്ഥ് ആഗ്രഹിച്ചതെന്നും ഷെഹ്നാസ് ഗിൽ പറഞ്ഞു. 'ചിരി നിർത്താൻ സിദ്ധാർത്ഥ് എന്നോട് പറഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും ഞാൻ ചിരിക്കുന്നത് കാണാൻ ആഗ്രഹിച്ചു, ഞാൻ എപ്പോഴും ചിരിക്കും. ഞാൻ എന്റെ ജോലി തുടരും, കാരണം എന്റെ ജീവിതത്തിൽ ഒരുപാട് മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിക്കുന്നു,' ഷെഹ്നാസ് പറഞ്ഞു