ഫുട്ബോളിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവരാണ് മലബാറുകാർ. പ്രത്യേകിച്ചും മലപ്പുറത്തുകാർക്ക് ഫുട്ബോൾ എപ്പോഴും ആവേശമാണ്. ഫുട്ബോളിന് വേണ്ടി ജീവിതം സമർപ്പിച്ച നിരവധി മനുഷ്യരെ അവിടെ കാണാനാകും. അതുകൊണ്ടുതന്നെ ലോകകപ്പ് മുതൽ സെവൻസ് വരെയുള്ള ടൂർണമെന്റുകൾ അവർക്ക് ഉത്സവമാണ്. അടുത്തിടെ നടന്ന ഖത്തർ ലോകകപ്പും അവർ നെഞ്ചിലേറ്റി. ലോകകപ്പിനിടെ ഉയർന്നുവന്ന ഒരു പേരാണ് സുബൈർ വാഴക്കാട്. അർജന്റീനയുടെ കടുത്ത ആരാധകനായ സുബൈർക്ക കളിവിവരണവും വിശകലനവുമൊക്കെയായി ഫുട്ബോൾ പ്രേമികൾക്ക് പ്രിയങ്കരനായി.
തനി മലപ്പുറം ഭാഷയിൽ കളി വിവരണം നടത്തുമ്പോഴും സുബൈർക്കയ്ക്ക് ഒരു നൊമ്പരമുണ്ടായിരുന്നു, സ്വന്തമായി ഒരു വീടില്ല എന്നത്. ഇത് അറിഞ്ഞ പ്രവാസി വ്യവസായിയും സ്മാർട് ട്രാവൽ എം.ഡിയുമായ ആഫി അഹമ്മദ് സുബൈർക്കയെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. ലോകകപ്പ് ഫൈനൽ കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ സുബൈർക്കയുടെ സ്വപ്നഭവനം യാഥാർഥ്യമായിരിക്കുന്നു.
ഈ വീടിന് നിരവധി സവിശേഷതകളുണ്ട്. പ്രിയ ടീമായ അർജന്റീനയെ അനുസ്മരിപ്പിക്കുംവിധമാണ് സുബൈർക്കയുടെ വീട്. മതിലിന് അർജന്റീനയുടെ നിറമായ നീലയും വെള്ളയുമാണ് നൽകിയിരിക്കുന്നത്. വീടിന് മുകളിലാകട്ടെ വമ്പനൊരു ഫുട്ബോളും മെസിയുടെ ജേഴ്സിയും ഒരുക്കിയിട്ടുണ്ട്. സാധാരണ വീടുകളിലൊന്നും പരിചിതമല്ലാത്ത തികച്ചും വ്യത്യസ്തമായ രൂപകൽപനയാണ് സുബൈർക്കയുടെ വീടിന്.