ഇതൊരു കഥയാണ്. ഒരു ചൈനീസ് നാടോടിക്കഥയെ അനുസ്മരിപ്പിക്കുന്ന ജീവിതകഥ. ഫിലിപ്പീൻസിലെ ലൂസോൺ പ്രവിശ്യയിലെ മലനിരകളിൽ താമസിക്കുന്ന അപ്പോ വാങ് എന്ന വിളിപ്പേരുള്ള വാങ് ഓഡ് ഓഗേ എന്ന മുത്തശ്ശിയുടെയും അവരുടെ പുരാതന ഗോത്രസംസ്കാരത്തിന്റെയും കഥ. ലോകത്ത് ഇന്നുള്ള ഏക മംബാബത്തോക്ക് അഥവാ കൈപ്പണികളാൽ പച്ചക്കുത്തുന്ന കലാകാരി എന്ന് കരുപ്പെടുന്ന 101 വയസുകാരിയാണ് അപ്പോ വാങ്, കലിംഗയിലെ ഏക പച്ചകുത്ത് കലാകാരി.
അപ്പോ വാങിന് ഈ പച്ചക്കുത്തൽ പാരമ്പര്യമായി കൈമാറി കിട്ടിയതാണ്. അത് ഒരു തൊഴിലല്ല, മറിച്ച് സംസ്കാരത്തിന്റെ ഭാഗം തന്നെയായിരുന്നു. ജപ്പാനുമായുള്ള യുദ്ധത്തിൽ മരിച്ച് വീണ ഗോത്ര യോദ്ധാക്കൾക്ക് ആദരസൂചകമായാണ് അപ്പോ വാങിന്റെ പിതാമഹന്മാരുടെ കാലത്ത് പച്ചക്കുത്തി തുടങ്ങിയത്. അങ്ങനെ ആരംഭിച്ച പച്ചകുത്തൽ പിന്നീട് അവരുടെ ഗോത്രസംസ്കാരത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
അപ്പോ വാങിന്റെ കരവിരുതിൽ വിരിഞ്ഞ രൂപങ്ങളുടെ ഖ്യാതി ഫിലിപ്പൈൻസ് എന്ന ചെറു രാജ്യവും കടന്ന് ലോകമെമ്പാടും വ്യാപിച്ചു. അതുകൊണ്ടു തന്നെയാണ് ഇന്ന ലോകത്തിന്റെ പലഭാഗത്തു നിന്നുമുള്ള ടാറ്റൂ പ്രേമികൾ ഈ മുത്തശ്ശിയെ അന്വേഷിച്ച് കലിംഗ എന്ന ഉൾനാടൻ ഗ്രാമത്തെ ലക്ഷ്യമാക്കി എത്തുന്നതും. ഈ പുരാതന കലാകാരിയുടെ സാന്നിധ്യം കലിംഗ എന്ന ഗ്രാമത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിവർത്തനം ചെയ്തു. ഇന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ വരുമാന മാർഗം ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന ലാഭം തന്നെ.
101 വയസായി, കണ്ണുകൾക്ക് കാഴ്ച ശക്തി കുറഞ്ഞിരിക്കുന്നു, ഇനിയങ്ങോട്ട് ഈ തൊഴിൽ തുടരാൻ കഴിയുമെന്ന വിശ്വാസമില്ല എന്ന് പറയുന്നു ഈ മുത്തശ്ശി. 25ാം വയസിൽ വിധവയായ അപ്പോവാങിന് കുട്ടികളില്ല. അതു കൊണ്ട് തന്നെ പുരാതനമായ ഗോത്രപൈതൃകത്തിന് ഇവരുടെ മരണത്തോടെ അവസാനം കുറിക്കുമെന്നിരിക്കെയാണ്, കുടുംബ പരമ്പരയിലെ ഇളമുറക്കാരിക്ക് ഈ മുത്തശ്ശി നൂറ്റാണ്ടുകളുടെ ചരിത്രമുൾക്കൊള്ളുന്ന ഈ കരവിരുത് പകരുന്നത്. അപ്പോ വാങ് എന്ന മുത്തശ്ശി ഗ്രേസ്എന്ന തന്റെ കൊച്ചുമകളെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഒരു വലിയ പൈതൃകത്തിന്റെ സൂക്ഷിപ്പുകാരിയാവുക എന്നതാണ്.
മാത്രമല്ല ഈ കലാപാരമ്പര്യം മുന്നോട്ട് പോയെങ്കിൽ മാത്രമേ തുടർന്നു ഗ്രാമത്തിൽ സഞ്ചാരികളെത്തുകയുള്ളൂ. എന്നാൽ മാത്രമേ കലിംഗയിലെ ജനജീവിതം അല്ലലില്ലാതെ മുന്നോട്ട് പോവുകയുള്ളൂ. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ജനതയ്ക്ക് ആഹാരത്തിന് വഴിയൊരുക്കിയത് തനിക്ക് പാരമ്പര്യമായി പകർന്നു കിട്ടിയ ഈ കൈവിദ്യയാണ്. കലിംഗയിലെ ജീവിതങ്ങൾക്ക് പുരോഗതി പകർന്നതും ഈ കലയാണ്.
പച്ചകുത്തലിന്റെ പ്രാധാന്യം ഇതാണ്. ഒരിക്കൽ പച്ചകുത്തിയാൽ അത് മരണം വരെ ഒപ്പമുണ്ടാകും. മരണാനന്തരം ശരീരത്തിലെ മുഴുവൻ ആടയാഭരണങ്ങൾ നീക്കം ചെയ്താലും, മഷി രൂപങ്ങൾ ശേഷിക്കും. ഇത് തനിക്ക് മഹത്തായൊരു ബഹുമതിയാണ് എന്ന് കൊച്ചുമകൾ ഗ്രേസ് പറയുന്നു. കാരണം ഇത് ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. സംസ്കാരം, കലിംഗയിലെ ജനങ്ങൾക്ക് ജീവനോളം പ്രാധാന്യമേറിയതും.