റ്റൂ ബാഡ്... വി വിൽ മിസ് യു കമല!... അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തതാണിത്. ഈ ട്വീറ്റ് കണ്ട് മലയാളി സിനിമാ പ്രേക്ഷകരാണ് അമ്പരന്നുപോയത്. അജു വർഗീസിനെ നായകനാക്കി രഞ്ജിത് ശങ്കർ ഒരുക്കിയ കമല സിനിമയെ ഉദ്ദേശിച്ചാണോ ഈ ട്വീറ്റ് എന്നായിരുന്നു ട്രോളന്മാരുടെ സംശയം. അജുവും രഞ്ജിത് ശങ്കറും ട്രംപിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചു.
അജു വർഗീസിന്റെ കമലയാണോ ട്രംപ് ഉദ്ദേശിച്ചത് ?- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഡെമോക്രാറ്റ് വനിത അംഗമാണ് ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസ്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമല ഹാരിസ് പിൻമാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്.
പ്രചാരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാൽ മത്സരത്തിൽ നിന്നും പിന്മാറുകയാണെന്നായിരുന്നു കമല ഹാരിസ് വ്യക്തമാക്കിയത്. തുടർന്നാണ് ട്രംപ് കമലയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. എന്നാൽ ട്രംപിന്റെ പരിഹാസത്തിന് കമലയും അതേനാണയത്തിൽ മറുപടി നൽകി. 'വിഷമിക്കേണ്ടതില്ല പ്രസിഡന്റ്, നിങ്ങളുടെ വിചാരണക്ക് നേരില്‍ കാണാം'- എന്നായിരുന്നു കമലയുടെ മറുപടി ട്വീറ്റ്.