വനിതാകായിക താരങ്ങളുടെ വസ്ത്രധാരണത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ പുതിയ കാര്യമല്ല. എന്നാൽ ഇപ്പോഴിതാ ഒരു ഓസ്ട്രേലിയൻ വനിതാ ഫുട്ബോൾ താരത്തിന്റെ ഫോട്ടോക്കെതിരെ നടക്കുന്ന അധിക്ഷേപം രാജ്യത്തെ തന്നെ പിടിച്ചുലക്കുകയാണ്. ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗില്‍ കാള്‍ട്ടണിന്റെ താരമായ ടൈല ഹാരിസിനാണ് ഒരു ചിത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയാകേണ്ടി വന്നത്.
ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ലീഗില്‍ വെസ്റ്റേണ്‍ ബുള്‍ഡോഗ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടൈല 40 മീറ്റര്‍ അകലെ നിന്നുള്ള ഒരു കിക്കിലൂടെ ഗോള്‍ നേടിയിരുന്നു. ടൈല ഗോള്‍ നേടുന്ന ഈ ചിത്രം ഓസീസ് ചാനല്‍ സെവനിന്റെ എ.എഫ്.എല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. അത്ലറ്റിക് പൊസിഷനിലുള്ള ഈ ചിത്രത്തിന് താഴെ പിന്നീട് പ്രത്യക്ഷപ്പെട്ടത് അശ്ലീല കമന്റുകളും ട്രോളുകളുമായിരുന്നു. അപകീര്‍ത്തികരവും ലൈംഗികച്ചുവയുമുള്ളവയുമായിരുന്നു ഇതില്‍ ഏറെയും. ചിത്രത്തിനു താഴെ ഇത്തരം കമന്റുകള്‍ വ്യാപകമായതോടെ എ.എഫ്.എല്‍ ചിത്രം നീക്കം ചെയ്യുകയും ചെയ്തു
പേജില്‍ പ്രത്യക്ഷപ്പെട്ട കമന്റുകള്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലായിരുന്നുവെന്ന് ടൈല ഹാരിസ് തന്നെ പിന്നീട് പ്രതികരിച്ചു. ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൃഗങ്ങളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മുതിരുകയെന്നും ടൈല ട്വിറ്ററിലൂടെ തുറന്നടിച്ചു. വിവാദമായ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ പ്രതികരണം.
ഇത്തരം സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ അതിന്റേതായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതിനു പകരം ചിത്രം നീക്കം ചെയ്ത ചാനല്‍ സെവന്റെ നടപടി ശരിയായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ പ്രതികരണവുമായി നിരവധി ഓസീസ് കായിക താരങ്ങളും രംഗത്തെത്തിയതോടെ ഈ സംഭവം രാജ്യത്ത് ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.