സിപിഎമ്മിന്റെ ചൂണ്ടയില്‍ തോമസ് മാഷ് കുടുങ്ങുമോ? ഈ ചോദ്യമാണ് കൊച്ചിയിലെ കോണ്‍ഗ്രസ് -സിപിഎമ്മുകാര്‍ക്കിടയില്‍ ഉയരുന്നത്. ഇപ്പോള്‍ ഇതിനു കാരണവുമുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കും മാഷ് നല്‍കിയത് സ്വന്തം വീട്ടില്‍ വിഭവ സമൃദ്ധമായ ഭക്ഷണം മാത്രമല്ല രാത്രി വിശ്രമം കൂടിയാണ്.
അരൂരില്‍ ചുമതലക്കാരനായി തോമസ് പ്രവര്‍ത്തിക്കുകയും ചെയ്തു. പാര്‍ട്ടി സമീപനത്തില്‍ മനോവിഷമമുള്ള മാഷിന്റെ മനസ് അറിയുക കൂടിയായിരുന്നോ സിപിഎം നേതാക്കളുടെ ലക്ഷ്യം എന്നറിയില്ല. കെ വി തോമസാകട്ടെ രാഷ്ട്രീയത്തിനതീതമായി സൗഹൃദവലയമുള്ളയാളാണ് താനെന്നാണ് പ്രതികരിക്കുന്നത്. മാഷിനായി സിപിഎം ചൂണ്ട എറിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിനും സരസന് ചിരി മാത്രം മറുപടി. താന്‍ കരുണാകരന്റെ അടുത്ത അനുയായി ആയിരിക്കുമ്പോഴും നായനാര്‍ തന്റെ അടുത്ത സുഹൃത്തായിരുന്നു എന്ന മറുപടിയും കെ വി തോമസ് നല്കുന്നു. സംസ്ഥാന കോണ്‍ഗ്രസ് വെട്ടിയപ്പോഴെല്ലാം കെ വി തോമസിനെ അഖിലേന്ത്യ നേതൃത്വം കൈവിട്ടിരുന്നില്ല.
നിരവധി തവണ എം പിയും എംഎല്‍എയും മന്ത്രിയുമെല്ലാം ആകാന്‍ ഈ ബന്ധം ഇടയാക്കിയിട്ടുമുണ്ട്. ഇതെല്ലാം മാഷ് ഡല്‍ഹിയില്‍ എത്തിക്കുന്ന തിരുത മീനിന്റെ രൂചിയാണെന്ന് മാഷിന്റെ ശത്രുക്കള്‍ പരദൂഷണം പറയാറുമുണ്ട്. മാഷിന്റെ കരിമീനില്‍ യെച്ചൂരി വിഴുമോ അതോ ബേബിയുടെ ചൂണ്ടയില്‍ മാഷ് കുടുങ്ങുമോ എന്നതറിയാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും കാത്തിരിക്കേണ്ടി വരും നമുക്ക്. ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷണൻ ഈ സൗഹൃദത്തെ കാണുന്നത് കരിമീന്‍ വിപ്ലവമായാണ്. എതായാലും രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലി ജിവനെടുക്കുന്ന നാട്ടില്‍ ഇത്തരം ചിത്രങ്ങള്‍ മറ്റൊരു സന്ദേശം നല്‍കുന്നുമുണ്ട്