ഇരട്ട അറകളുള്ള ഗര്‍ഭപാത്രത്തില്‍ വളർച്ച പൂർത്തിയായ ഇരട്ടകുഞ്ഞുങ്ങൾക്ക് യുവതി ജന്മം നല്കി. വൈദ്യശാസ്ത്രത്തിലെ തന്നെ അപൂർവങ്ങളിൽ അപൂർവമായ ഗർഭധാരണമാണിത്. ശാന്തിപൂര്‍ സ്റ്റേറ്റ് ജനറല്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയയിലൂടെ അര്‍പിത എന്ന യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലോകത്തില്‍ ഇതുവരെ ഇത്തരം 17 കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇത് മൂന്നാമത്തെ കേസാണ്.
ഇത്തരം കേസുകളില്‍ ഗര്‍ഭപാത്രം രണ്ട് അറകളായി വിഭജിക്കപ്പെടുന്നു. എന്നാല്‍ ഗർഭപാത്രത്തിന് ഒരു ഓപ്പണിംഗ് മാത്രമാണുള്ളത്. ഇവിടെ ഗർഭപാത്രത്തിന്റെ രണ്ട് അറകളിലും രണ്ട് ഭ്രൂണങ്ങളുണ്ടായിരുന്നു. ഇത് വൈദ്യ ശാസ്ത്രത്തില്‍ വളരെ അപൂര്‍വമാണ്. സ്ത്രീ ശരീരത്തിൽ ഗർഭാവസ്ഥയിൽ കുഞ്ഞിനെ വഹിക്കുന്ന അവയവമാണ് ഗര്‍ഭപാത്രം. സ്ത്രീയുടെ ഗർഭപാത്രത്തിന്റെ ആകൃതി അതുകൊണ്ട് തന്നെ വളരെ പ്രധാനമാണ്, കാരണം കുഞ്ഞ് വയറ്റില്‍ കിടക്കുന്നതിനെയാണ് ഇത് ബാധിക്കുന്നത്.
ഗര്‍ഭപാത്രത്തിലെ ഇത്തരം തകരാറുകള്‍ താരതമ്യേന അസാധാരണമാണ്. എന്നാല്‍ ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ പലപ്പോഴും വിജയകരമായി ഗര്‍ഭധാരണം നടത്താറുണ്ട്. എന്നാല്‍ ഈ അവസ്ഥ ഗര്‍ഭം അലസല്‍ അല്ലെങ്കില്‍ കുഞ്ഞുങ്ങളുടെ പ്രായമെത്താതെയുള്ള ജനനം തുടങ്ങിയ സാധ്യത വര്‍ദ്ധിപ്പിക്കും. ശാന്തിപൂര്‍ ഹോസ്പിറ്റലിലെ മികച്ച ഗൈനക്കോളജിസ്റ്റായ ഡോ. പവിത്ര ബ്യാപാരിയാണ് അർപിതയുടെ ശസ്ത്രക്രിയ നടത്തിയത്. കൊല്‍ക്കത്തയിലെ രാജര്‍ഹട്ട് ആശുപത്രിയിലെ ഒരു ഡോക്ടറിനെയായിരുന്നു യുവതി ആദ്യം കണ്ടിരുന്നത്.
എന്നാൽ അസാധാരണ ഗർഭധാരണമായതു കൊണ്ട് തന്നെ ഇവര്‍ ശാന്തിപൂര്‍ ഹോസ്പിറ്റലിലെ ഡോ. പവിത്ര ബ്യാപാരിയെ കാണുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയക്കായിരുന്നു ഡോ. പവിത്ര ബ്യാപാരിയുടെ നേതൃത്വത്തിൽ അര്‍പിതക്ക് ശസ്ത്രക്രിയ നടത്തിയത്. ഈ ഓപ്പറേഷന് നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ തയാറാക്കിയിരുന്നു. രണ്ട് കുട്ടികളും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ഡോ. ബ്യാപാരി പറഞ്ഞു. അപൂര്‍വമായ ശസ്ത്രക്രിയയിലൂടെ രണ്ട് ആണ്‍കുട്ടികളെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അര്‍പിതയും ഭര്‍ത്താവ് ജിതേന്ദ്ര മൊണ്ടലും.
ആശുപത്രി സൂപ്രണ്ടിന്റെയും അനസ്തറ്റിസ്റ്റ്, പീഡിയാട്രിക് വിഭാഗം ഡോക്ടര്‍മാരും സഹകരിച്ചില്ലെങ്കില്‍ ഒരിക്കലും ഇത് സാധ്യമാകില്ലെന്നും അര്‍പിതയുടെ ഭര്‍ത്താവ് ജിതേന്ദ്ര പറഞ്ഞു. എന്നിരുന്നാലും, ഇത്തരം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നത് നിലവിലെ ഇന്‍ഫ്രാസ്ട്രക്ചറില്‍ വളരെ അപകടകരമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ബ്ലഡ് ബാങ്കിന്റെയും അനസ്തെറ്റിസ്റ്റുകളുടെയും പങ്ക് വളരെ പ്രധാനമാണെന്നും അടിസ്ഥാന സൗകര്യങ്ങളിലും കൂടുതൽ സൌകര്യങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.