ഇസ്താംബുൾ: 2014-ൽ ആണ് തുർക്കിക്കാരിയായ റുമേസ ഗെൽജി ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള കൗമാരക്കാരിയാണെന്ന വാർത്ത വന്നത്. പിന്നീട് 2015-ൽ 18 വയസ്സ് തികയുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിതയായി അവർ മാറി. ഇപ്പോൾ 26 വയസ്സുള്ള റുമേസ ഉയര കൂടുതൽ കൊണ്ട് ജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിടുന്നു. ഏവരെയും അമ്പരപ്പിക്കുന്ന 7 അടി 0.7 ഇഞ്ച് ഉയരക്കാരിയായ റുമേസയ്ക്ക് വിമാനയാത്രയ്ക്കായി ബുക്ക് ചെയ്യേണ്ടിവരുന്നത് മൂന്ന് ടിക്കറ്റുകളാണ്. എങ്കിൽ മാത്രമെ, യാത്രയ്ക്കിടെ നീണ്ടുനിവർന്ന് കിടക്കാൻ റുമേസയ്ക്ക് സാധിക്കുകയുള്ളുവത്രെ.
“എന്റെ നട്ടെല്ലിൽ പ്രത്യേക ബോൾട്ട് ഘടിപ്പിച്ചിട്ടുണ്ട്, അതിനാൽ എനിക്ക് രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതൽ നിവർന്നു ഇരിക്കാൻ കഴിയില്ല. സിലിക്കൺ വാലിയിൽ ഒരു വെബ് ഡെവലപ്പറായി ജോലി ചെയ്യാൻ അമേരിക്കയിലേക്ക് പോകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, എന്നാൽ കാലിഫോർണിയ വരെ 14 മണിക്കൂർ ദൈർഘ്യമുള്ള വിമാനയാത്ര അസാധ്യമായതുകൊണ്ട് ആ സ്വപ്നം ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം എനിക്കായി മാത്രം ടർക്കിഷ് എയർ ആറ് വിമാന സീറ്റുകൾ ബുക്ക് ചെയ്യാൻ സമ്മതിച്ചു. ഒരു പ്രത്യേക സ്ട്രെച്ചറിൽ കുറുകെ കിടക്കാൻ വേണ്ടിയായിരുന്നു. പിന്നീട് പലപ്പോഴും വിമാനയാത്രയ്ക്കായി മൂന്ന് ടിക്കറ്റുകളെങ്കിലും ബുക്ക് ചെയ്യേണ്ടതായി വരുന്നുണ്ട്"- റുമേസ പറഞ്ഞു.