ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസ് പടർന്നുപിടിക്കുന്ന യുകെയിൽനിന്ന് എത്തിയ അഞ്ചു യാത്രക്കാർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. ന്യൂഡൽഹി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. യുകെയിൽനിന്ന് കൊൽക്കത്തയിലെത്തിയ രണ്ടുപേരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. അതേസമയം രോഗം കണ്ടെത്തിയവരിൽ ജനിതകമാറ്റം വന്ന സംഭവിച്ച വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും സാംപിള്‍ നാഷണല്‍ സെന്റര്‍ ഡിസീസ് കണ്ട്രോള് വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ബ്രിട്ടനില്‍ അതിവേഗം പടരുന്ന ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയിലാണ്. വൈറസ് വകഭേദം 70 ശതമാനം പ്രസരണ ശേഷി കൂടിയതാണെന്ന് ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി മാറ്റ് ഹാന്‍കോക്ക് നേരത്തെ അറിയിച്ചിരുന്നു.