ടെൽഅവീവ്: കോവിഡ് വാക്സിൻ വിതരണം ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്തെ 10ശതമാനത്തിലധികം പേർക്കും വാക്സിൻ നൽകി ഇസ്രായേൽ. ഇതിൽ പകുതിയും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. ഏകദേശം 90 ലക്ഷം ജനസംഖ്യയുള്ള രാജ്യം വസന്തകാലത്തിന്റെ തുടക്കത്തിൽ തന്നെ ഭൂരിഭാഗം ജനങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് ലക്ഷ്യമിടുന്നത്. ആദ്യം നിലനിന്ന ആശങ്കകൾക്ക് ശേഷം വാക്സിൻ വിതരണ യജ്ഞം ഊർജിതമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
ഡിസംബർ 20നാണ് ആരോഗ്യ പ്രവർത്തകർക്കും 60 വയസുകഴിഞ്ഞ പൗരന്മാർക്കമുള്ള വാക്സിനേഷൻ ഇസ്രായേലിൽ ആരംഭിച്ചത്. ശനിയാഴ്ചവരെ 12.59 ശതമാനം പേർക്ക് വാക്സിൻ നൽകി കഴിഞ്ഞുവെന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷണ വിഭാഗം വ്യക്തമാക്കുന്നു. വാക്സിനേഷന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ബഹ്റൈനെക്കാൾ നാലിരട്ടി വേഗത്തിലാണ് ഇസ്രായേലിൽ വാക്സിൻ വിതരണം പുരോഗമിക്കുന്നത്. കൂടുതൽ ഡോസുകൾ കൈവശമുള്ള ഇംഗ്ലണ്ടിനെക്കാൾ ഒൻപതിരട്ടിയും അമേരിക്കയെക്കാൾ 10 ഇരട്ടിയും വേഗത്തിലാണ് ഇവിടെ വാക്സിനേഷൻ പുരോഗമിക്കുന്നത്.
രാജ്യത്തെ ആരോഗ്യ സംവിധാനത്തിന്റെ മേന്മ സ്വയം തെളിയിക്കുകയാണ്- ആരോഗ്യമന്ത്രി യൂലി എഡൽസ്റ്റൈൻ വ്യാഴാഴ്ച വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്ത് എല്ലാവരും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സാങ്കേതികമായി മെച്ചപ്പെട്ട നിലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനത്തെക്കുറിച്ച് ഇസ്രായേൽ അഭിമാനിക്കുന്നു. അതികഠിനമായ തണുപ്പിൽ സൂക്ഷിക്കേണ്ട വാക്സിനുകളുടെ ഡോസുകൾ പാഴാക്കുന്നത് കുറയ്ക്കുന്നതിനും ഏറ്റവും ദുർബലരായവർക്ക് വാക്സിൻ ഉറപ്പാക്കാനും അധികാരികൾ എങ്ങനെ ശ്രമിക്കുന്നു എന്നതിന് തെളിവാണ് ഈ സ്ഥിതിവിവര കണക്കുകൾ.
പ്രതീക്ഷിച്ചതിലും കുറവ് ആളുകളാണ് വാക്സിൻ സ്വീകരിക്കുന്നത് എന്നതിനാൽ ഇസ്രായേലിൽ നൂറുകണക്കിന് ഡോസുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായിരുന്നു. ഇതോടെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്ന ഡോസുകളുടെ എണ്ണം അധികൃതർ വെട്ടിക്കുറച്ചു. ഈ നടപടികൾ ഇസ്രായേലിനെ വാക്സിൻ പാഴാകുന്നത് തടയാനും വേഗത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും പ്രാപ്തരാക്കിയെന്ന് അധികൃതർ പറയുന്നു.
ഫൈസറിന്റെ വാക്സിൻ പ്രധാന സംഭരണ കേന്ദ്രത്തിൽ നിന്ന് പുറത്തുപോയതിനുശേഷം അഞ്ച് ദിവസത്തെ സമയപരിധിക്കുള്ളിൽ നൽകണം. കൂടാതെ ഫ്രിഡ്ജിൽ നിന്ന് എടുത്താൽ ആറ് മണിക്കൂറിനുള്ളിൽ വാക്സിൻ ഉപയോഗിക്കണം. ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുവെന്ന് ഇസ്രായേൽ അധികൃതർ പറയുന്നു. ആയിരം ഡോസുകളുടെ പാക്കേജുകൾ വിഭജിച്ച് ചെറിയ പെട്ടികളിലാക്കിയാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിലും ഫലപ്രദമായി എത്തിക്കുന്നത്.
ഫൈസർ കമ്പനിയുടെ 80 ലക്ഷം ഡോസ് വാക്സിനാണ് ഇസ്രായേൽ വാങ്ങിയത്. മോഡേണയിൽ നിന്ന് 60 ലക്ഷവും അസ്ട്രാ സെനകയിൽ നിന്ന് ഒരു കോടി ഡോസുകളും വാങ്ങിയിട്ടുണ്ട്. രണ്ടാമത്തെ ഡോസും സമയബന്ധിതമായി നൽകാനുള്ള പദ്ധതിയും ഇസ്രായേലി അധികൃതർ തയാറാക്കിയിട്ടുണ്ട്. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ 3000 കടന്നപ്പോൾ ഡിസംബർ ആദ്യം ഇസ്രായേൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഇത് ദിനംപ്രതി 5000 ആയി ഉയർന്നിട്ടുണ്ട്. ഇസ്രായേലിൽ ഇതുവരെ കോവിഡ് ബാധിച്ച് 3391 പേരാണ് മരിച്ചത്. 0.8 ശതമാനമാണ് മരണനിരക്ക്.