മുംബൈ: 14 ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ നിന്ന് കാണാതായ കോവിഡ് രോഗിയുടെ മൃതദേഹം ആശുപത്രി ശുചിമുറിയിൽ കണ്ടെത്തി. മുംബൈയിലെ ടി.ബി. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൂര്യഭാൻ യാദവിനെ(27)യാണ് ആശുപത്രിയിലെ പൂട്ടിയിട്ട ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടത്.
2/ 7
ശുചിമുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ ബ്ലോക്കിലെ ശുചിമുറികൾ എന്നും വൃത്തിയാക്കിയിരുന്നു. എന്നാൽ മൃതദേഹം ആരും ശ്രദ്ധിച്ചിരുന്നില്ല.
3/ 7
സംഭവത്തിൽ ബ്രിഹാന്‍ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടു. വാർഡിൽ ജോലി നോക്കിയിരുന്ന 40 ജീവനക്കാർക്ക് സംഭവത്തിൽ നോട്ടീസ് നൽകി.
4/ 7
മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിപ്പോയിരുന്നു. ഒക്ടോബർ നാലിനാണ് യുവാവിനെ കാണാനില്ലെന്ന് ആശുപത്രി അധികൃതർ പരാതി നൽകിയിരുന്നത്. ക്ഷയ രോഗത്തിനൊപ്പം യുവാവിന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
5/ 7
ചികിത്സയിലിരിക്കെ രോഗിയെ ആശുപത്രിയിൽനിന്ന് കാണാതായെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്. എന്നാൽ ആരും കൃത്യമായ അന്വേഷണം നടത്തിയില്ല. ഇതിനിടെയാണ് 14 ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തിയത്.
6/ 7
കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് സെപ്തംബർ 30നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ കൃത്യമായ അഡ്രസ് നൽകിയിരുന്നില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
7/ 7
ശ്വാസതടസം ഉണ്ടായി കുഴഞ്ഞു വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് എത്തി പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.