ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ നാലു സംസ്ഥാനങ്ങളിൽനിന്ന് വിശദീകരണം തേടി സുപ്രീം കോടതി. ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസം എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. "ഈ മാസത്തിൽ വൻ വർധനയുണ്ടായതായാണ് അറിയുന്നത്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും പുതിയ സ്റ്റാറ്റസ് റിപ്പോർട്ട് ആവശ്യമുണ്ട്. സംസ്ഥാനങ്ങൾ നന്നായി തയ്യാറായില്ലെങ്കിൽ ഡിസംബറിൽ മോശമായ കാര്യങ്ങൾ സംഭവിക്കാം," നാല് സംസ്ഥാനങ്ങളോട് റിപ്പോർട്ട് ചോദിച്ചുകൊണ്ടു സുപ്രീം കോടതി വ്യക്തമാക്കി നിലവിലെ അവസ്ഥ, രോഗികളുടെ ചികിത്സ, രോഗവ്യാപനം കുറയ്ക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ചാണ് സംസ്ഥാനങ്ങൾ റിപ്പോർട്ട് നൽകേണ്ടത്.
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുബാഷ് റെഡ്ഡി, എംപി ഷാ എന്നിവരടങ്ങിയ മൂന്ന് ജഡ്ജിമാർ ഉൾപ്പെടുന്ന ബെഞ്ച് സ്വമേധയാ കോവിഡ് വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു. ഡൽഹിയിലെ രോഗവ്യാപനം നിയന്ത്രണാതീതമായ പശ്ചാത്തലത്തിലായിരുന്നു ഇത്. 'ഡൽഹിയിലെ കോവിഡ് സ്ഥിതി കൂടുതൽ വഷളായി. നിലവിലെ സ്ഥിതി എന്താണ്? നിങ്ങൾ പ്രതിരോധത്തിനായി എന്ത് അധിക ശ്രമങ്ങളാണ് നടത്തുന്നത്? ഞങ്ങൾ ഇത് പരിശോധിക്കേണ്ടതുണ്ട്' - സുപ്രീം കോടതി ഡൽഹി സർക്കാരിനോട് പറഞ്ഞു.
തലസ്ഥാനത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നിയന്ത്രിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം കോടതിയെ അറിയിച്ചു. 5.29 ലക്ഷം കടന്ന കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് തടയാൻ ഡൽഹി പാടുപെടുകയാണ്, രാജ്യത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ആറാമത്തെ സംസ്ഥാനമാണ് ഡൽഹി.
ഗുജറാത്ത് സർക്കാരിനെയും സുപ്രീംകോടതി വിമർശിച്ചു. "ഗുജറാത്തിലെ സ്ഥിതി ഡൽഹിക്ക് അടുത്താണ്. മോശം അവസ്ഥയാണ് അവിടെ. എന്ത് നടപടിയാണ് സ്വീകരിച്ചത്? നിങ്ങളുടെ സംസ്ഥാനത്ത് എന്താണ് സംഭവിക്കുന്നത്? കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിങ്ങൾ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്?" കോടതി പറഞ്ഞു. അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര തുടങ്ങിയ നഗരങ്ങളിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരുന്നു. ഗുജറാത്തിൽ അടുത്തിടെ വൈറസ് കേസുകൾ വർദ്ധിച്ചു. സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കേണ്ടെന്ന് വിജയ് രൂപാനി സർക്കാർ ഇന്ന് തീരുമാനിച്ചു.