കോവിഡ് 19ന് എതിരായ പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഗോള മരുന്നു നിർമ്മാതാക്കൾ. ഭൂരിഭാഗം വാക്സിനുകളും മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലാണ്. ഈ വർഷത്തോടെ കോവിഡ് വാക്സിൻ പുറത്തിറക്കാനാണ് മിക്കവരുടെയും ശ്രമം. ഈ ഘട്ടത്തിൽ ആഗോള വാക്സിൻ പരീക്ഷണങ്ങളുടെയും നിർമ്മാതാക്കളുടെയും ഇന്ത്യയിലെ കേന്ദ്രമായി ഹൈദരാബാദ് മാറിയിരിക്കുന്നു. ആഗോളതലത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന 60 ശതമാനം വാക്സിൻ കമ്പനികളുടെയും ഇന്ത്യയിലെ ആസ്ഥാനം ഹൈദരാബാദാണ്.
'കോവിഡ് -19 നുള്ള ഒരു വാക്സിൻ ഇതുവരെ ഇന്ത്യയിൽ വികസിപ്പിച്ചെടുത്തിട്ടില്ല. എന്നാൽ പരീക്ഷണങ്ങൾ പുരോഗമിക്കുന്നു. അതുപോലെ ലോകത്തെ മറ്റു രാജ്യങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളുമുണ്ട്. ഇവയ്ക്കെല്ലാം പ്രിയപ്പെട്ട നഗരമാണ് ഹൈദരാബാദ്'- ശാന്ത ബയോടെക്നിക്സ് ലിമിറ്റഡ് സ്ഥാപകൻ ഡോ. വരപ്രസാദ് റെഡ്ഡി പറഞ്ഞു.
“എല്ലാ വാക്സിൻ കമ്പനികളും നിർമ്മാണ സാങ്കേതികവിദ്യയിൽ കരുത്തുറ്റവരാണ്, കൂടാതെ നല്ല നിലവാരത്തിൽ ദശലക്ഷക്കണക്കിന് ഡോസുകൾ നിർമ്മിക്കാനുള്ള ശേഷിയുമുണ്ട്. അവയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെല്ലാം ഹൈദരാബാദ് കേന്ദ്രീകരിച്ചാണ്” വരപ്രസാദ് റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 2021 ന്റെ ആദ്യ പകുതിയിൽ റെഡ്ഡി സനോഫിയുടെ സ്വന്തം വാക്സിൻ മത്സരാർഥിയായി കാത്തിരിക്കുകയാണ്, ഇത് പ്രധാനമായും ഹൈദരാബാദിൽ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.