ചെന്നൈ: കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 17കാരൻ അറസ്റ്റിലായി. തമിഴ്നാട്ടിലാണ് സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ പതിനേവുകാരൻ പീഡിപ്പിച്ചതെന്ന് മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് വെള്ളിയാഴ്ച പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയായ കൗമാരക്കാരനും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും അയൽവാസികളാണെന്ന് പോലീസ് പറഞ്ഞു. സ്കൂളിൽ പഠനം പാതി വഴിക്ക് നിർത്തിയയാളാണ് 17കാരൻ. കോവിഡ് ലോക്ക്ഡൗൺ സമയത്ത്, അയാൾ പെൺകുട്ടിയുടെ കുടുംബത്തെ സഹായിച്ചു. ഇതോടെ ഇരുവരും അടുപ്പത്തിലാകുകയും പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് 17കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
പലപ്പോഴായി ഇരുവരും തമ്മിൽ കാണുകയും ലൈംഗിക പീഡനം തുടരുകയും ചെയ്തു. അതിനിടെയാണ് പെൺകുട്ടി ഗർഭിണിയായത്. വീട്ടിൽ വെച്ച് തല കറങ്ങി വീണ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗർഭിണായാണെന്ന വിവരം അറിയുന്നത്. ഇതോടെ മാതാപിതാക്കൾ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. അയൽവാസിയായ ആൺകുട്ടിയുമായി ശാരീരികമായി ബന്ധപ്പെട്ടിരുന്നുവെന്നും അവൾ അവരോട് പറഞ്ഞു, ആൺകുട്ടി തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നതായും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
ഇതേത്തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ആൺകുട്ടിക്കെതിരെ പോലീസിൽ പരാതി നൽകി. വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം 17കാരനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വെള്ളിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ആൺകുട്ടിയെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ 33 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി 37കാരിയായ യുവതി രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് സംഭവം. തന്റെ കാമുകൻ ബ്ലാക്ക് മെയിൽ ചെയ്തു രണ്ട് വർഷത്തിനിടെ 33 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു. നാഗ്പൂരിലെ സോണെഗാവ് പോലീസ് സ്റ്റേഷനിലാണ് പങ്കജ് പാടിയൽ എന്ന യുവാവിനെതിരെ 37കാരി പരാതിയുമായി എത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ഹോട്ടൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.