അഗർത്തല: പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സ്ത്രീധന തുകയായ 50, 000 രൂപ നൽകാൻ കഴിയാത്തതിനെ തുടർന്നാണ് ത്രിപുരയിൽ പ്രതിശ്രുത വരനും അയാളുടെ അമ്മയും ചേർന്ന് പെൺകുട്ടിയെ തീ കൊളുത്തി കൊന്നത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ ശനിയാഴ്ച വൈകുന്നേരം അഗർത്തലയിലെ ജി പി പന്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ, പെൺകുട്ടി മരിക്കുകയായിരുന്നു.
സംഭവത്തിൽ അജോയ് രുദ്ര പാൽ (21), അവരുടെ അമ്മ മിനാതി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം സാന്തിർബസാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് ഇവരെ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രണ്ടു പേരെയും ജില്ലാ ആസ്ഥാനമായ ബെലോനിയയിലെ കോടതിയിൽ ഹാജരാക്കും.
ശുക്ല ചൗധരിയുമായി ഒളിച്ചോടി വന്നതായിരുന്നു അജോയ് രുദ്ര പാൽ. കോവായി ജില്ലാ സ്വദേശിയാണ് ഇയാൾ. ഒക്ടോബർ 28ന് ഇവർ ഒളിച്ചോടിയെങ്കിലും ഡിസംബർ 11ന് വിവാഹം ഔദ്യോഗികമായി നടത്താൻ തീരുമാനിച്ചു. ഡിസംബർ ആറിന് പെൺകുട്ടിയുടെ അമ്മയെ കണ്ട പാലിന്റെ അമ്മ സ്ത്രീധനമായി 50,000 രൂപ ആവശ്യപ്പെട്ടു. എന്നാൽ, സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശമായതിനാൽ 15, 000 രൂപ തികയ്ക്കാൻ മാത്രമേ ശുക്ലയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളൂ. എന്നാൽ, ഇത് കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് പെൺകുട്ടിയെ 90 ശതമാനം പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥനായ നാരായൺ ചന്ദ്ര സഹ പറഞ്ഞു.
പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പാൽ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ എന്നാൽ പാൽ നിഷേധിച്ചിരുന്നു. ശുക്ലയുടെ കരച്ചിൽ കേൾക്കുമ്പോൾ ഞാൻ മറ്റൊരു മുറിയിൽ ആയിരുന്നു. മറ്റ് ഗ്രാമീണർക്കൊപ്പം താനും ചേർന്നാണ് അവളെ ആശുപചത്രിയിൽ എത്തിച്ചതെന്നും പൊലീസ് എത്തുന്നതിനു മുമ്പായി റിപ്പോർട്ടർമാരോട് സംസാരിക്കവെ ഇയാൾ പറഞ്ഞു.
അതേസമയം, തന്നോട് പാലിന്റെ അമ്മ 50, 000 രൂപ ആവശ്യപ്പെട്ടിരുന്നെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറഞ്ഞു. "അവൾക്ക് 17 വയസാണ്. എന്റെ മൂത്ത മകളാണ് അവൾ. അജോയ്ക്കൊപ്പം അയാളുടെ വീട്ടിലേക്ക് അവൾ ഒളിച്ചോടി പോയി. ഇതിനെ തുടർന്നാണ് അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. പാലിന്റെ അമ്മ 50,000 രൂപ ആവശ്യപ്പെട്ടെന്നും എന്നാൽ 15,000 രൂപ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്നും അന്ന് രാത്രി മകളോട് സംസാരിക്കണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും പാൽ അതിന് അനുവദിച്ചില്ലെന്നും ശുക്ലയുടെ അമ്മ പറഞ്ഞു. പിന്നീട് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്ന് വാർത്തയാണ് തങ്ങൾ അറിഞ്ഞതെന്നും ശുക്ലയുടെ അമ്മ പറഞ്ഞു.