News18 Malayalam | November 21, 2020, 11:27 AM IST
1/ 4
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി നേതാവിന്റെ വീട്ടിൽവെച്ച് 35 കാരൻ അബദ്ധത്തിൽ തോക്കിൽനിന്ന് വെടിപൊട്ടി മരിച്ചു. സമാജ്വാദി എംഎൽസി അമിത് യാദവിന്റെ ഫ്ളാറ്റിൽ ജന്മദിനാഘോഷത്തിനിടെ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. രാകേഷ് എന്ന 35 കാരനാണ് ദാരുണമായി മരിച്ചത്. ഇയാൾ പാർട്ടി യുവജനവിഭാഗം പ്രാദേശിക നേതാവാണെന്നാണ് വിവരം. ലഖ്നൗവിലെ ഹസ്രത്ഗഞ്ചിലെ ഫ്ലാറ്റിലാണ് സംഭവം.
2/ 4
സംഭവം നടക്കുമ്പോൾ ഷാജഹാൻപൂർ- യാദവിൽ നിന്നുള്ള എംഎൽസി അമിത് യാദവ് സ്ഥലത്തുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ സമയം എംഎൽസി സ്ഥലത്തുണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ അമിത് യാദവിനെ കണ്ടെത്താനായിട്ടില്ല.
3/ 4
അമിത് യാദവിന്റെ ഫ്ലാറ്റിൽ ജന്മദിനാഘോഷം നടക്കുന്നതിനിടെ കൈയിലിരുന്ന തോക്ക് മറ്റൊരാൾക്ക് രാകേഷ് കൈമാറുന്നതിനിടെയാണ് അപകടമുണ്ടായത്. തോക്ക് കൈമാറിയപ്പോൾ അബദ്ധത്തിൽ കൈതട്ടി വെടിപൊട്ടുകയായിരുന്നു. രാകേഷിന്റെ മുഖത്താണ് വെടിയേറ്റത്. സംഭവം നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന മിക്കവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
4/ 4
മുഖത്ത് വെടിയേറ്റ രാകേഷിനെ ഉടൻ തന്നെ ലഖ്നൗവിലെ ട്രോമാ സെന്ററിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ലഖ്നൗവിലെ ഗോംതിനഗറിൽ താമസിക്കുന്നയാളാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ പിസ്റ്റൾ ഇയാളുടെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പിസ്റ്റൾ ലൈസൻസുള്ളതാണോ അതോ നിയമവിരുദ്ധമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.