തൃശൂർ ചേറ്റുവയിൽ 3600 ലിറ്റർ അനധികൃത വിദേശ മദ്യം വാടാനപ്പള്ളി പൊലീസ് പിടികൂടി. വിപണിയിൽ 50 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു. സിനിമാ സ്റ്റൈലിൽ പാൽവണ്ടിയിലാണ് മദ്യം കടത്തിയത്. 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഴക്കൂട്ടം വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ്, കൊല്ലം കല്ലുവാതുക്കൽ കൗസ്തുഭം വീട്ടിൽ രാമാനുജൻ മകൻ സജി എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് പൊലീസ് നടത്തിയ ഏറ്റവും വലിയ അനധികൃത വിദേശമദ്യവേട്ടകളിൽ ഒന്നാണ് ഇത്. പ്രതികളിൽ നിന്നും മദ്യം വാങ്ങി വിൽക്കുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഓണം സീസൺ ലക്ഷ്യമിട്ട് വിവിധ വാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറ വിൽപനക്ക് കൊണ്ടു വന്നതാണെന്ന് പ്രതികൾ മൊഴി നൽകി. വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യമാണ് ഇവർ കടത്തിയത്. വാടാനപ്പള്ളി എസ് എച്ച് ഒ സനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.