നാഗ്പൂർ: സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകൻ 33 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി 37കാരിയായ യുവതി രംഗത്തെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലാണ് സംഭവം. തന്റെ കാമുകൻ ബ്ലാക്ക് മെയിൽ ചെയ്തു രണ്ട് വർഷത്തിനിടെ 33 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്. തന്റെ അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്ന് യുവതി ആരോപിച്ചു.
നാഗ്പൂരിലെ സോണെഗാവ് പോലീസ് സ്റ്റേഷനിലാണ് പങ്കജ് പാടിയൽ എന്ന യുവാവിനെതിരെ 37കാരി പരാതിയുമായി എത്തിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ഉത്തരാഖണ്ഡിൽ നിന്ന് ഹോട്ടൽ മാനേജരായി ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാരോപിച്ച് ഇയാളുടെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2017 ൽ നാഗ്പൂരിലെ ദന്തോലിയിലെ ഒരു ഹോട്ടലിൽ ജോലി സംബന്ധമായ അഭിമുഖത്തിനായി പരാതിക്കാരി പ്രതിയെ ബന്ധപ്പെട്ടു. വൈകാതെ ഇരുവരും സൌഹൃദത്തിലാകുകയും, അത് പിന്നീട് പ്രണയത്തിലെത്തുകയും ചെയ്തു. ഇതിനിടെ നിരവധി തവണ വിവാഹ വാഗ്ദാനം ചെയ്തു പങ്കജ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതി അറിയാതെ പങ്കജ് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
കുറച്ചു നാളുകൾക്കു ശേഷം വിവാഹ കാര്യം പറയുമ്പോൾ പങ്കജ് ഒഴിഞ്ഞു മാറാൻ തുടങ്ങി. ഇതിനു ശേഷമാണ് സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും, അത് പ്രചരിപ്പിക്കാതിരിക്കാൻ പണം വേണമെന്നും പങ്കജ് ആവശ്യപ്പെട്ടു തുടങ്ങിയത്. അതിനു മുമ്പ് ഹോട്ടൽ ബിസിനസ് തുടങ്ങാമെന്ന് വിശ്വസിപ്പിച്ചും പങ്കജ് കുറച്ചു പണം യുവതിയിൽനിന്ന് വാങ്ങിയിരുന്നു. വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്നോട്ടു പോയതോടെ ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഇതോടെ നഗ്ന ഫോട്ടോകളും വീഡിയോകളും പങ്കജ് യുവതിയെ കാണിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. തുടക്കത്തിൽ 11 ലക്ഷം രൂപ യുവതി പങ്കജിന് നൽകി. അതുവരെ കൈയിലുണ്ടായിരുന്ന സമ്പാദ്യമായിരുന്നു ഇത്. പിന്നീട്, പങ്കജ് കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ രണ്ട് വ്യക്തികളിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയാണ് യുവതി നൽകിയത്. ഇതു കൂടാതെ രോഗിയായ അമ്മയുടെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വിശ്വസിപ്പിച്ചു അഞ്ചു പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും യുവതിയുടെ കൈയിൽനിന്ന് പങ്കജ് തട്ടിയെടുത്തിരുന്നു.
രണ്ട് വർഷത്തിനിടെ യുവതി 33 ലക്ഷം രൂപയും 5 പവൻ സ്വർണവും പങ്കജിന് നൽകി. അതിനിടെ നാഗ്പൂരിലെ ഹോട്ടൽ ബിസിനസ്സ് പദ്ധതികൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുവതി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിനിടെ പങ്കജ് ഉത്തരാഖണ്ഡിലേക്ക് കടന്നു കളഞ്ഞു. ഇതേത്തുടർന്ന് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചു. സർവീസ് അപ്പാർട്ടുമെന്റുകളും ഹോട്ടലുകളും ആരംഭിക്കുന്നതിന്റെ മറവിൽ പങ്കജ് കൂടുതൽ ആളുകളെ കബളിപ്പിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു. ഇയാളുടെ ഭാര്യയും തട്ടിപ്പിന് കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പങ്കജിനെയും ഭാര്യയെയും വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.