മുംബൈ: ഓൺലൈൻ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന കാലമാണിത്. ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് എന്നിവയ്ക്കുപുറമെ യുപിഐ ഇടപാടുകളിലൂടെയും തട്ടിപ്പ് നടക്കുന്നു. രാജ്യത്തുടനീളം ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തട്ടിപ്പിന് ഇരയാകുന്നവർക്ക് ലക്ഷകണക്കിന് രൂപ നഷ്ടമാകാറുമുണ്ട്. ഇപ്പോഴിതാ, ഓൺലൈൻ വഴി ടവൽ വാങ്ങാൻ ശ്രമിച്ച 70കാരിയുടെ അക്കൌണ്ടിൽനിന്ന് 8.3 ലക്ഷം രൂപയാണ് നഷ്ടമായിരിക്കുന്നത്.
മുംബൈ മീരാ റോഡ് സ്വദേശിനിയായ 70 വയസ്സുള്ള സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്. ഇ-കൊമേഴ്സ് സൈറ്റ് വഴി 1,160 രൂപയ്ക്ക് ആറ് ടവലുകൾ ഇവർ ഓൺലൈനിൽ ഓർഡർ ചെയ്തു. എന്നാൽ, ഓൺലൈൻ പേയ്മെന്റ് പൂർത്തിയാക്കുമ്പോൾ, സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് 1,169 രൂപയ്ക്ക് പകരം 19,005 രൂപ കുറഞ്ഞു. തെറ്റായ ഇടപാട് റിപ്പോർട്ട് ചെയ്യാൻ, യുവതി കോൺടാക്റ്റ് നമ്പർ നോക്കി സഹായത്തിനായി ബാങ്ക് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ചെങ്കിലും ബാങ്കുമായി ബന്ധപ്പെടാനായില്ല.
സഹായം ലഭിക്കാൻ വിളിച്ചയാൾ നൽകിയ എല്ലാ നിർദ്ദേശങ്ങളും സ്ത്രീ പാലിച്ചെങ്കിലും അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ രൂപ കൂടി നഷ്ടപ്പെടുകയായിരുന്നു. അനധികൃത ഇടപാടുകൾ കണ്ടതോടെ ഇവർ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ അപ്പോഴേക്കും സ്ത്രീയുടെ അക്കൌണ്ടിൽനിന്ന് 8.3 ലക്ഷം രൂപ പിൻവലിക്കപ്പെട്ടിരുന്നു.