പട്ന: കേന്ദ്ര പൊലീസ് സേനയിലെ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വനിതാ ഡോക്ടർ. സിആർപിഎഫിലെ വനിതാ ഡോക്ടറാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചതായും രാത്രി വൈകിയും ഫോണിൽ വിളിച്ചു അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ആരോപണം. മുസാഫർപൂരിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിന്റെ (സിആർപിഎഫ്) കോമ്പോസിറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ആരോപണം ഉന്നയിച്ചത്. ഇതേത്തുടർന്ന് സംഭവത്തെ കുറിച്ച് സി ആർ പി എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'മുതിർന്ന ഉദ്യോഗസ്ഥൻ വനിതാ ഡോക്ടറുടെ മുറിയിൽ കയറി അവരോട് മോശമായി പെരുമാറി' മദ്യപിച്ച് ലഹരിയിലായിരുന്ന സമയത്ത് പ്രതി, വനിതാ ഡോക്ടർ താമസിച്ചിരുന്ന സ്ഥലത്തുവെച്ചാണ് അപമര്യാദയായി പെരുമാറിയതെന്നും ആരോപണമുണ്ട്. കേസിൽ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു, "മുതിർന്ന ഉദ്യോഗസ്ഥൻ വനിതാ ഡോക്ടറുടെ മുറിയിൽ കയറി അവരോട് മോശമായി പെരുമാറി. അവരെ കടന്നു പിടിക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് വനിതാ ഡോക്ടർ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു."- അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരീന്ദർ പ്രസാദ് ഇതിനു മുമ്പും സമാനമായ ആരോപണം നേരിട്ടിരുന്നതായി സി ആർ പി എഫിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. അദ്ദേഹം വിവാഹമോചിതനാണെന്നും മദ്യപാനത്തിന് അടിപ്പെട്ടയാളാണെന്നും പ്രസാദിന്റെ ഒരു ബാച്ച്മേറ്റ് പറഞ്ഞു. പ്രസാദിനെ നേരത്തെ രണ്ടുതവണ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിആർപിഎഫ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. "ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്, കുറ്റവാളിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും. സിആർപിഎഫ് അതിന്റെ വനിതാ ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ്"- പ്രസ്താവനയിൽ വ്യക്തമാക്കി.