വടകര: പതിമൂന്നു വയസുള്ള മകളെ പിതാവിനെ ഏൽപിച്ചതിനു ശേഷം കാണാതായ യുവതി ഒന്നരവർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഒപ്പം കാമുകനും നാലു മാസം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. കുട്ടോത്ത് പഞ്ചാക്ഷരിയിൽ ടി.ടി ബാലകൃഷ്ണന്റെ മകൾ ഷൈബയാണ് ഒന്നരവർഷത്തിനു ശേഷം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. കാമുകൻ സന്ദീപിനും നാലു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പമാണ് വടകര പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.
കഴിഞ്ഞ ഒന്നരവർഷമായി ഷൈബയും സന്ദീപും കോയമ്പത്തൂരിൽ ഒരുമിച്ച് കഴിയുകയായിരുന്നു. മണിയൂർ കുറുന്തോടി പുതിയോട്ട് മീത്തൽ സന്ദീപിനൊപ്പമാണ് ഷൈബ നാടു വിട്ടത്. 2019 മെയ് 14നാണ് ഷൈബയെ കാണാതായത്. ഷൈബയുടെ ഭർത്താവ് വിദേശത്ത് ആയിരുന്നു. നാടു വിടുന്ന ദിവസം രാവിലെ ഭർത്താവ് ഗിരീഷ് കുമാറിന്റെ വീട്ടിലെത്തി പതിമൂന്ന് വയസുള്ള മകളെ ഒപ്പം കൂട്ടി. മകളുമായി സ്കൂട്ടറിൽ സ്വന്തം വീട്ടിലെത്തി. സ്വന്തം വീട്ടിൽ മകളെയാക്കിയതിനു ശേഷം അക്ഷയ കേന്ദ്രത്തിൽ പോകാനുണ്ടെന്ന് പറഞ്ഞ് ഷൈബ പോകുകയായിരുന്നു.
എന്നാൽ, അക്ഷയകേന്ദ്രത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞ് പോയ ഷൈബയെക്കുറിച്ച് പിന്നീട് യാതൊരുവിധ വിവരവും ഇല്ലായിരുന്നു. ഷൈബയെ കാണാതായതിനെ തുടർന്ന് ഷിബിൻ ലാൽ വടകര പൊലീസിനെ പരാതിയുമായി സമീപിച്ചു. പരാതിയിൽ സന്ദീപിനൊപ്പമാണോ ഷൈബ പോയതെന്ന് സംശയമുള്ളതായി ഷിബിൻ ലാൽ വ്യക്തമാക്കിയിരുന്നു. ഷൈബയ്ക്ക് വിവാഹത്തിനു മുമ്പ് സന്ദീപ് എന്ന വ്യക്തിയുമായി പ്രണയമുണ്ടായിരുന്നു. വിദേശത്തായിരുന്ന ഇയാൾക്കൊപ്പമാണോ ഷൈബ പോയതെന്ന് ആയിരുന്നു പരാതിയിൽ സഹോദരൻ സംശയം ഉന്നയിച്ചത്. എന്നാൽ, പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല.
പക്ഷേ, പിന്നീട് നടത്തിയ അന്വേഷണത്തിൽ ഷൈബയെ കാണാതായ ദിവസം സന്ദീപ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയതായി പൊലീസ് കണ്ടെത്തി. എന്നാൽ, പിന്നീട് സന്ദീപ് തന്റെ വീട്ടുകാരുമായി ബന്ധപ്പെട്ടില്ല. അതുകൊണ്ടു തന്നെ ഇവരെ കണ്ടെത്താനും കഴിഞ്ഞില്ല. എന്നാൽ, കഴിഞ്ഞ ഒന്നര വർഷമായി കോയമ്പത്തൂരിൽ ഇവർ ഒരുമിച്ച് കഴിയുകയായിരുന്നു. ഇതിനിടയിൽ ഇവർക്ക് ഒരു കുഞ്ഞ് ഉണ്ടാകുകയും ചെയ്തു. കുഞ്ഞിന് നിലവിൽ നാലുമാസമാണ് പ്രായം. അതേസമയം, ഇവർക്ക് വേണ്ടി അന്വേഷണം തുടരുന്നതിനിടയിലാണ് ഇരുവരും വടകര പൊലീസ് സ്റ്റേഷനിൽ ഹാജരായത്.