അമരാവതി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കർശന നടപടിയുമായി ആന്ധ്രപ്രദേശ് സർക്കാർ. ഇതിനായി പുതിയ നിയമനിർമ്മാണം നടത്താനാണ് തീരുമാനം. കേസുകളിൽ അന്വേഷണം പൂർത്തിയാക്കി 21 ദിവസത്തിനകം വിധി പറയണമെന്നതാണ് സുപ്രധാന വ്യവസ്ഥ. ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും കരട് നിയമത്തിൽ പറയുന്നു.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഇതുമായി ബന്ധപ്പെട്ട രണ്ട് കരട് ബില്ലുകൾക്ക് അംഗീകാരം നൽകി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏഴ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നതാണ് കരട് ബില്ലിലെ ഒരു വ്യവസ്ഥ. വിചാരണ 14 ദിവസത്തിനകം പൂർത്തിയാക്കണം. വിധി പുറപ്പെടുപ്പിക്കുന്നത് 21 ദിവസത്തിനകമാകണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.