മലപ്പുറം: വ്യാഴാഴ്ച കരിപ്പൂരിൽ ഒരു കോടി ഇരുപത് ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം പിടികൂടിയത്. 3 കിലോ സ്വർണ മിശ്രിതവും 50 ഗ്രാം തൂക്കമുള്ള സ്വർണ മാലയും ആണ് മൂന്ന് പേരിൽ നിന്നായി ആണ് എയർപോർട്ട് ഇൻ്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. വടകര സ്വദേശി മുസ്തഫ കുന്നിയത്ത് ,ഉപ്പള സ്വദേശി ഷാഫി കലായി, മലപ്പുറം സ്വദേശി ലുഖ്മാൻ എന്നിവരിൽ നിന്ന് ആണ് സ്വർണം പിടിച്ചെടുത്തത്.
ദുബായിൽ നിന്ന് വന്ന ഉപ്പള സ്വദേശി ഷാഫിസ്വർണം കടത്താൻ ഉപയോഗിച്ച മാർഗം ഇത് വരെ പരിചിതം അല്ലാത്തത് ആയിരുന്നു. പാന്റിന്റെ ബെൽറ്റ് കെട്ടുന്ന ഭാഗം, സിബ്ബിൻ്റെ ഭാഗം എന്നിവിടങ്ങളിൽ എല്ലാം പ്രത്യേക അറ തുന്നി പിടിപ്പിച്ച് അതിൽ സ്വർണ മിശ്രിതം ഒളിപ്പിച്ച് കൊണ്ടുവരാറുണ്ട്. ഇന്നും അത്തരത്തിൽ കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചിട്ടുണ്ട്. എന്നാല് പാൻ്റിനുള്ളിൽ മറ്റൊരു പാൻ്റ് എന്ന പോലെ തുണി തുന്നിപ്പിടിപ്പിച്ച് അതിൽ സ്വർണ മിശ്രിതം കടത്തുന്നത് അത്ര പരിചിതമായ രീതി അല്ല. ഡി ആർ ഐ നൽകിയ നിർദേശപ്രകാരം ആണ് ഷാഫിയെ എയർപോർട്ട് ഇൻ്റലിജൻസ് തടഞ്ഞു വെച്ച് പരിശോധിച്ചത്.
സാധാരണ നടത്തുന്ന പോലെ ഉള്ള പരിശോധനയിൽ ഇത് കണ്ടെത്താൻ കഴിയില്ല. കട്ടി കൂടിയ തുണി കൊണ്ടുള്ള പാൻ്റ് ആണെന്ന് മാത്രമേ കരുതൂ. പാൻ്റ് അഴിച്ച് മാറ്റി നോക്കിയാൽ മാത്രമേ ഇതിനുള്ളിൽ രഹസ്യ അറ കാണാൻ സാധിക്കൂ. സാധാരണ പാൻ്റിൻ്റെ തുന്നൽ ജോയിൻ്റുകളിൽ മറ്റൊരു രഹസ്യ അറ തുന്നിച്ചേർത്ത നിലയിൽ ആയിരുന്നു. ഇതിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു മിശ്രിത രൂപത്തിൽ ഉള്ള സ്വർണം. ഇത് പെട്ടെന്ന് പുറത്തെടുക്കാൻ കഴിയുകയുമില്ല. സ്വർണ മിശ്രിതം പശയിൽ ആക്കി സെല്ലോ ടാപ്പിൽ നീളത്തിൽ വച്ച് ഒട്ടിച്ച് ആണ് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത്.
വിമാനത്താവളത്തിൽ വച്ച് അതേ നിറത്തിൽ ഉള്ള സാധാരണ പാൻ്റ് ധരിച്ച് സ്വർണ കടത്ത് സംഘം നിർദേശിക്കുന്ന ആൾക്ക് മിശ്രിതം ഒളിപ്പിച്ച ഈ പാൻ്റ് ഊരി നൽകണം. അവർ ഇതിൽ നിന്നും സ്വർണം വേർതിരിച്ച് എടുക്കും. ഷാഫി ധരിച്ച ഈ പാൻ്റിൻ്റെ തൂക്കം തന്നെ 1.3 കിലോ ഗ്രാം വരും. അരക്കിലോയോളം സ്വർണ മിശ്രിതം ആണ് ഇതിനുള്ളിൽ എന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.സ്വർണ മിശ്രിതം രഹസ്യഅറയിൽ നിറച്ചശേഷം ഇത് പാന്റസിനോട് ചേർത്തു തുന്നുകയായിരുന്നു എന്നാണ് കരുതുന്നത്. 20 ലക്ഷം രൂപ ആണ് കടത്താൻ ശ്രമിച്ച സ്വർണത്തിൻ്റെ ഏകദേശ മൂല്യം. സ്വർണ കടത്ത് സംഘത്തിൻ്റെ വിദഗ്ദ നീക്കം ആണ് ഡി. ആർ.ഐ , എയർപോർട്ട് ഇൻ്റലിജൻസ് യൂണിറ്റ് എന്നിവരുടെ സംയുക്ത നീക്കത്തിലൂടെ പൊളിഞ്ഞത്.
മലപ്പുറം സ്വദേശി ലുഖ്മാൻ 1086 ഗ്രാം സ്വർണ മിശ്രിതവും 50 ഗ്രാം തൂക്കം വരുന്ന സ്വർണ മാലയും ആണ് കടത്താൻ ശ്രമിച്ചത്. 46 ലക്ഷം രൂപയോളം വില മതിക്കുന്നതാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തവ. ലുഖ്മാൻ പാൻ്റിൻ്റെ ബെൽറ്റ് കെട്ടുന്ന ഭാഗത്തും പാൻ്റിൻ്റെ കാൽ ഭാഗത്തെ മടക്കിലും നിർമിച്ച രഹസ്യ അറയിലും ശരീരത്തിനുള്ളിലും ആണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.