ഹൈദരാബാദ്: വനിതാ വെറ്റിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയുടെ പിതാവിന് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. പ്രതിയായിരുന്ന ചെന്നാകേശവയുടെ പിതാവ് കർമ്മയ്യയ്ക്കാണ് പരിക്കേറ്റത്. നാരായൻ പേറ്റ് ജില്ലയിലെ മക്തൽ മണ്ഡലിലെ സക്ലർ ഗ്രാമത്തിൽവെച്ച് ഇന്നോവ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചെന്നാകേശവയുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറയുന്നു. സക്ലറിലെ ജോലിസ്ഥലത്തേക്ക് പോകവെയാണ് കർമ്മയ്യ അപകടത്തിൽപ്പെട്ടത്. മനപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്താനുള്ള ശ്രമമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബർ 27നാണ് ഷംഷാബാദിനടുത്തുള്ള തോഡപ്പള്ളി ടോൾ പ്ലാസയിൽ വനിതാ ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഷാഡ്നഗറിനടുത്തുള്ള ചട്ടൻപള്ളി പാലത്തിനടിയിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസിലെ പ്രതികളായ ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീൻ, ചെന്നകേശവ് എന്നിവരെ നാരായണ പേറ്റ് ജില്ലയിലെ മക്തൽ സോണിൽ നിന്ന് അറസ്റ്റ് ചെയ്തു. എന്നാൽ തെളിവെടുപ്പിനിടെ ഡിസംബർ ആറിന് നടന്ന ഏറ്റുമുട്ടലിൽ നാലുപേരും മരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനരാവിഷ്കരിക്കാൻ പോയപ്പോൾ പ്രതികൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുകയും, പൊലീസ് തിരിച്ച് വെടിവെക്കുകയുമായിരുന്നു. ഈ ഏറ്റുമുട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിനാൽ ശവസംസ്കാര നടപടികൾ വൈകി. ഏറ്റുമുട്ടലിന് 17 ദിവസത്തിന് ശേഷം ഡിസംബർ 23 നാണ് പ്രതികളുടെ സംസ്കാരം നടന്നത്.