മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെൺകുട്ടിയെ ശുചിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 19കാരനെതിരെ കേസെടുത്തു. ഗോരഖ്പൂർ എക്സ്പ്രസ് ട്രെയിനിലെ ടോയ്ലറ്റിൽവെച്ചാണ് 19 കാരൻ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് താനെ പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
"പെൺകുട്ടിയും യുവാവും ഒരുമിച്ച് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അയാൾ അവളെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈയിലെ കുരാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു, അത് ഞങ്ങൾക്ക് കൈമാറി," താനെ റെയിൽവേ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥ പറഞ്ഞു. വാർത്താ ഏജൻസിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ മിഠായി നൽകാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് അഞ്ചു വയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമം നടത്തിയ ആൾ മലപ്പുറത്ത് അറസ്റ്റിലായി. മലപ്പുറം പത്തപ്പിരിയം സ്വദേശി ഇല്യാസ് (40) ആണ് അറസ്റ്റിലായത്. വീടിനു സമീപം സൈക്കിളില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരിയെയാണ് ഇല്യാസ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് കൈകാട്ടി വിളിച്ചു വരുത്തിയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി പറയുന്നു.
ഭയന്നു പോയ പെൺകുട്ടി വീട്ടിലേക്ക് മടങ്ങവെ സൈക്കിളില്‍നിന്നു വീണ് പരുക്കേറ്റിരുന്നു. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടിയോട് മാതാവ് മുറിവ് പറ്റിയത് എങ്ങനെയെന്ന് ചോദിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്. സംഭവമറിഞ്ഞ് പ്രദേശവാസികള്‍ സംഘടിച്ചെത്തി യുവാവിനെ തടഞ്ഞുവെക്കുകയും പിന്നീട് പൊലീസിനെ വിവരം അറിയിച്ചു കൈമാറുകയുമായിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിലായിരുന്നു. കങ്ങഴ സ്വദേശി താഹ(26) എന്നയാളാണ് അറസ്റ്റിലായത്. ബന്ധുവായ പത്തുവയസുകാരനെ 2017 മുതൽ ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ചാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
മകൻ വർഷങ്ങളായി നേരിടുന്ന പീഡനം സംബന്ധിച്ച് ചൈൽഡ് ലൈനിലും കറുകച്ചാൽ പൊലീസിനുമാണ് അമ്മ പരാതി നൽകിയത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ താഹയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സമാനമായ മറ്റൊരു സംഭവത്തിൽ പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കാസർകോട് പോക്സോ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.