ഹൈദരാബാദ്: പഴയ സൈക്കിൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെ വിൽക്കാൻ ശ്രമിച്ച ചാർട്ടേഡ് അക്കൗണ്ടന്റിൽ നിന്ന് ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തത് ആറു ലക്ഷം രൂപ. ഗച്ചിബൗളിയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് സൈക്കിൾ വിൽക്കാൻ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമിൽ പരസ്യം നൽകിയത്. 3500 രൂപയ്ക്ക് സൈക്കിൾ വിൽക്കാമെന്നായിരുന്നു പരസ്യം. ഇതിന് പിന്നാലെ സൈക്കിൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ഒരാൾ ഫോണിൽ ബന്ധപ്പെട്ടു.
വിലപേശലിനൊടുവിൽ സൈക്കിൾ വാങ്ങാൻ വിളിച്ചയാൾ സമ്മതിച്ചു. തുടർന്ന് അയാൾ ക്യുആർ കോഡ് ചാർട്ടേഡ് അക്കൗണ്ടന്റിന് അയച്ചുകൊടുത്തു. ഈ കോഡ് സ്കാൻ ചെയ്താൽ മുൻകൂർ തുക ലഭിക്കുമെന്നായിരുന്നു ഇയാൾ പറഞ്ഞത്. സിഎ ആദ്യം കോഡ് സ്കാൻ ചെയ്തപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ നഷ്ടമായി. പണം നഷ്ടമായ വിവരം വിളിച്ചയാളിനോട് പറഞ്ഞപ്പോൾ, രണ്ട് ലക്ഷം രൂപയും സൈക്കിളിന്റെ വിലയും അയച്ചുനൽകാമെന്നും വീണ്ടും ഒരിക്കൽ കൂടി ക്യുആർ കോഡ് സ്കാൻ ചെയ്യണമെന്നും ഇയാൾ സിഎയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
വീണ്ടും ക്യു ആർ കോഡ് സ്കാൻ ചെയ്തതോടെ അക്കൗണ്ടിൽ നിന്നും വീണ്ടും രണ്ട് ലക്ഷം രൂപ കൂടി നഷ്ടമായി. വീണ്ടും വിളിച്ചപ്പോൾ സാങ്കേതിക തകരാറാണെന്നും വീണ്ടും ഒരിക്കൽ കൂടി കോഡ് സ്കാൻ ചെയ്യുന്നതോടെ പണം തിരികെ ലഭിക്കുമെന്നും പറഞ്ഞു. ഇതനുസരിച്ച് മൂന്നാം തവണയും ചാർട്ടേഡ് അക്കൗണ്ടന്റ് ക്യു ആർ കോഡ് സ്കാൻ ചെയ്തു. ഇത്തവണയും രണ്ട് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായി. ഇതോടെ ആകെ ആറു ലക്ഷം രൂപയാണ് സി എയ്ക്ക് നഷ്ടമായത്. വീണ്ടും ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.