നവംബർ 26-ന് ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ മദ്യപിച്ച ഒരാൾ ഒരു സ്ത്രീ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് ആരോപണം. അക്രമിയെ വിമാനയാത്രയിൽനിന്ന് വിലക്കുന്ന കാര്യം സർക്കാർ കമ്മിറ്റിയുടെ പരിഗണനയിലാണെന്നും തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എയർ ഇന്ത്യ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
70 വയസ്സിനടുത്ത് പ്രായം വരുന്ന സ്ത്രീയാത്രക്കാരിയോടാണ് അക്രമി മോശമായി പെരുമാറിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാൾ തന്റെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു
സംഭവത്തില്‍ പൊലീസിനും മറ്റ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. സംഭവമുണ്ടായ ഉടന്‍ തന്നെ വിമാനജീവനക്കാര്‍ കമ്പനിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിവരം പൈലറ്റിനെ അറിയിച്ചു. മോശമായി പെരുമാറിയ യാത്രക്കാരനെ മാറ്റിയിരുത്തുകയും, സുരക്ഷാ ഭടന്മാര്ക്ക് കൈമാറുകയും ചെയ്തുവെന്ന് സീനിയര്‍ എയര്‍ലൈന്‍ കമാന്‍ഡര്‍ വ്യക്തമാക്കുന്നു.