ഹൈദരാബാദ്: കടം വീട്ടാനായി വൃക്ക വിൽക്കാൻ തയ്യാറായ ദമ്പതികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദിൽ നിന്നുള്ള ദമ്പതികളാണ് അന്താരാഷ്ട്ര സൈബർ തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെട്ടത്. രണ്ടുപേരുടെയും വൃക്ക നൽകുന്നതിന് അഞ്ചു കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത തട്ടിപ്പുകാർ 40 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സ്റ്റേഷനറി കട നടത്തുന്ന എം. വെങ്കിടേഷും ഭാര്യ ലാവ്നിയയുമാണ് തട്ടിപ്പിന് ഇരയായത്. ഇവർ നാലു നില കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ബാങ്ക് വായ്പയെടുത്തതോടെയാണ് കടക്കെണിയിലായത്. കോവിഡ് മഹാമാരിയും ലോക്ക്ഡൌണും ആയതോടെ ഇവരുടെ ബിസിനസ് തകരുകയും ഒന്നര കോടിയിലേറെ രൂപയുടെ കടബാധ്യത നേരിടുകയും ചെയ്തു. ഇവർ വായ്പയെടുത്ത ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും തിരിച്ചടവിനായി സമ്മർദ്ദം ചെലുത്തിയതോടെ, കടം വീട്ടാനായി വൃക്ക വിൽക്കാൻ ദമ്പതികൾ തീരുമാനിക്കുകയായിരുന്നു.
തുടർന്ന് ദമ്പതികൾ ഓൺലൈനിൽ വൃക്ക ആവശ്യക്കാരെ തെരഞ്ഞു. ബ്രിട്ടനിൽ ആശുപത്രിയിൽ ജോലിക്കാരനായി പോസ് ചെയ്യുന്ന ചിത്രമുള്ള ഒരാളുടെ നമ്പർ ഇവർക്ക് ഓൺലൈനിൽനിന്ന് ലഭിച്ചു. ഇയാൾ തട്ടിപ്പുകാരനാണെന്ന് അറിയാതെ, വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. രണ്ടുപേരും വൃക്ക നൽകുമ്പോൾ അഞ്ചു കോടി രൂപ നൽകാമെന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. പണമിടപാട് പ്രക്രിയ പൂർത്തിയാക്കാൻ ആദ്യം ഇടപാട് ചാർജ് നൽകേണ്ടിവരുമെന്ന് തട്ടിപ്പുസംഘത്തിൽപ്പെട്ട യുവാവ് ദമ്പതികളെ വിശ്വസിപ്പിച്ചു. രജിസ്ട്രേഷൻ ചാർജുകൾ, പ്രോസസ്സിംഗ് ഫീസ്, കറൻസി എക്സ്ചേഞ്ച് ചാർജുകൾ, വിസ ഫീസ്, ഇൻഷുറൻസ് എന്നിവയാണ് സംഘം ആവശ്യപ്പെട്ടത്. ഇത് വിശ്വസിച്ച ദമ്പതികൾ ആദ്യം 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയും ചെയ്തു.
കൂടുതൽ പണം ആവശ്യപ്പെട്ട് മറ്റൊരാൾ ബന്ധപ്പെടുകയും 12 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിലേക്ക് ദമ്പതികൾ മാറ്റുകയും ചെയ്തു. ഇന്റർനെറ്റിലൂടെ മറ്റ് രണ്ട് വ്യക്തികളെയും അവർ സമീപിച്ചു. അവരിലൊരാൾ രജിസ്ട്രേഷൻ അടയ്ക്കുമ്പോൾ അവരുടെ വൃക്കയുടെ വിലയുടെ പകുതി അഡ്വാൻസ് തുകയായി നൽകുമെന്ന് വാഗ്ദാനം ചെയ്തു. അഡ്വാൻസ് തുക ശേഖരിക്കാൻ ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ വച്ച് തന്റെ പ്രതിനിധിയെ കാണാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
അയാളെ വിശ്വസിച്ച് ദമ്പതികൾ ബെംഗളൂരുവിലേക്ക് പോയി ഏജന്റിനെ കണ്ടു. രണ്ടായിരം രൂപയുടെ കറൻസി നോട്ടുകളാണെന്ന് പറഞ്ഞ് ഏജന്റ് അവർക്ക് കറുത്ത പേപ്പറുകൾ നൽകി. ദമ്പതികൾക്ക് സംശയം തോന്നിയപ്പോൾ, അയാൾ ഒരു അജ്ഞാത രാസവസ്തു പുറത്തെടുത്ത് കുറച്ച് പേപ്പറുകൾ കറൻസി നോട്ടുകളാക്കി മാറ്റി രഹസ്യമായി സൂക്ഷിക്കാനാണ് ഇത് ചെയ്തതെന്ന് അവരെ വിശ്വസിപ്പിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് ധാരാളം കറുത്ത പേപ്പറുകൾ തട്ടിപ്പു സംഘാംഗം അവർക്ക് നൽകി. 48 മണിക്കൂറിനുശേഷം രാസവസ്തു ഉപയോഗിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. 14 ലക്ഷം രൂപ കൂടി തന്റെ അക്കൗണ്ടിലേക്ക് മാറ്റാനും തട്ടിപ്പുകാരുടെ എജന്റ് ദമ്പതികളോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് തുക കൈമാറുകയും ചെയ്തു.
എന്നാൽ രാസവസ്തുക്കൾ കറുത്ത പേപ്പറുകൾ കറൻസി നോട്ടുകളാക്കി മാറ്റുന്നില്ലെന്ന് ദമ്പതികൾക്ക് പിന്നീട് ബോധ്യമായതോടെയാണ് തട്ടിപ്പിന് ഇരയായ കാര്യം അവർക്ക് വ്യക്തമായത്. ആദ്യം ബന്ധപ്പെട്ട വ്യക്തിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും അയാൾ പ്രതികരിച്ചില്ല. ഇതോടെ ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.