അഹമ്മദാബാദ്: ബലാത്സംഗത്തിന് ഇരയായ 13കാരി പെൺകുട്ടിയുടെ അപേക്ഷ കോടതി തള്ളി. തന്റെ ഗർഭം ഇല്ലാതാക്കാൻ അനുമതി തേടിയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. എന്നാൽ, അപേക്ഷ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി തള്ളുകയായിരുന്നു.
2/ 6
അമ്മയുടെ സഹോദരൻ പീഡിപ്പിച്ചതിനെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (ഭേദഗതി) ബിൽ 2020 ൽ നടപടിയൊന്നുമാകാത്ത സാഹചര്യത്തിൽ ആയിരുന്നു കോടതി പെൺകുട്ടിയുടെ അപേക്ഷ തള്ളിയത്.
3/ 6
വൈദ്യപരിശോധനയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി 22 ആഴ്ചയായി ഭ്രൂണത്തെ വഹിക്കുകയാണെന്നും അത് ഇല്ലാതാക്കാൻ ഒരു വലിയ സർജറി തന്നെ വേണ്ടി വരുമെന്നും അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് കാളോടാര പറഞ്ഞു.
4/ 6
20 ആഴ്ച മുതൽ 24 ആഴ്ച വരെയുള്ള ഗർഭധാരണം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുന്ന ബില്ലിൽ പാർലമെന്റ് തീർപ്പു കൽപിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പെൺകുട്ടിയുടെ അമ്മയുടെ അപേക്ഷ നിരസിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
5/ 6
ഇരയായ പെൺകുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഭിഭാഷകനായ ജി എസ് സോളങ്കിയാണ് ഹാജരായത്. സംസ്ഥാനത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുധിർ ബ്രഹ്മംഭട്ട്, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ ആർ ലോധ എന്നിവർ ഹാജരായി.
6/ 6
13 വയസ് മാത്രമാണ് മകളുടെ പ്രായമെന്നും അമ്മയാകാനുള്ള പ്രായം മകൾക്കായിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഗർഭഛിദ്രം നടത്താൻ അനുവദിക്കണമെന്നും ആയിരുന്നു അമ്മ ഹർജിയിൽ ആവശ്യപ്പെട്ടത്. അപേക്ഷ തള്ളിയതിനു തൊട്ടു പിന്നാലെ സിവിൽ സർജന്റെ സർട്ടിഫിക്കറ്റ് റാണിപ് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.