

തിരുവനന്തപുരം: ഭരതന്നൂരിൽ 14 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കല്ലറ തുറക്കാൻ തീരുമാനം.


തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സംഘം കല്ലറ തുറന്ന് പരിശോധന നടത്തും. 10 വർഷം മുമ്പ് കൊല്ലപ്പെട്ട രാമരശ്ശേരി സ്വദേശി ആദർശ് വിജയന്റെ കല്ലറയാണ് ക്രൈംബ്രാഞ്ച് തുറക്കുന്നത്.


2009 ഏപ്രിൽ അഞ്ചിനാണ് ആദർശ് വിജയനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസന്വേഷിച്ച പാങ്ങോട് പൊലീസ് കുട്ടിയുടേത് മുങ്ങിമരണമാണെന്ന് വിധിയെഴുതി. എന്നാൽ വീട്ടുകാരുടെ ആക്ഷേപത്തെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.


ആദർശിന്റെത് കൊലപാതകമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇത് സ്ഥിരീകരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തു വന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ പ്രഹരമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്.


കുട്ടിയുടെ ശ്വാസകോശത്തിനുള്ളിൽ കുളത്തിലെ വെള്ളമില്ലെന്നും കണ്ടെത്തി. മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുമ്പോഴും പ്രതികളെ കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.