കൊച്ചി: കാമുകിയെ കാണാൻ മോഷണ ബൈക്കുകളിലെത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ. കാലടിയിൽ വച്ചാണ് മോഷ്ടാക്കൾ 5 ആഡംബര ബൈക്കുകളുമായി പൊലീസിന്റെ പിടിയിലായത്. പാലക്കാട് ചിറ്റൂർ കല്ലാട്ടേരി പള്ളിപ്പുറം വെർക്കോലി വീട്ടിൽ വിജയ് (20) ചിറ്റൂർ എളപ്പുള്ളി മാമ്പുള്ളി വീട്ടിൽ സുബിൻ (22) തൃശൂർ അളകപ്പനഗർ വരക്കാര കപ്പേള നെടുവേലിക്കുടി വീട്ടിൽ ബിന്റോ (25) എന്നിവരും പ്രായപൂർത്തിയാകാത്ത രണ്ടുപേരുമാണ് പൊലീസിന്റെ വലയിലായത്.
വാഹന പരിശോധനക്കിടയിലാണ് രണ്ടു ബൈക്കുകളിലായി അഞ്ച് പേർ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ ബൈക്കുകൾക്ക് നമ്പർ പ്ലേറ്റില്ലായിരുന്നു. കൈകാണിച്ചതോടെ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതേത്തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരളഴിയുന്നത്.