സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. തിങ്കാളാഴ്ച പുലർച്ചെയാണ് തെളിവെടുപ്പ് നടത്തിയത്. നാട്ടുകാരും അയൽക്കാരും പ്രതിയെ കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ പൊലീസ് വാഹനങ്ങൾ എത്തിയതോടെ സമീപവാസികൾ തടിച്ചുകൂടി. പ്രതിക്കുനേരെ പലരും ആക്രോശിക്കുന്നുണ്ടായിരുന്നു.
ഉത്രയുടെ വീട്ടിൽവെച്ച് സൂരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാം ഉത്രയുടെ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അതിനുശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുക.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഉത്ര അഞ്ചലിലെ വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് അറസ്റ്റിലായത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.
പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ അറിവോടെയാണ് കൊലപാതകമെന്ന് വ്യക്തമായതോടെയാണിത്. മാർച്ച് രണ്ടിന് അടൂരിലെ ഭർതൃവീട്ടിൽവെച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിരുന്നു. അന്ന് അണലി കടിച്ച് ഗുരുതരാവസ്ഥയിലായ ഉത്ര ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.