മൈസൂർ സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷെരീഫിൻ്റെ (Shaba Sherif) മൃതദേഹാവശിഷ്ടങ്ങൾ തേടി നേവിയിലെ വിദഗ്ദ്ധർ ചാലിയാറിൽ പരിശോധന നടത്തി. ചാലിയാറിന്റെ എടവണ്ണ സീതി ഹാജി പാലത്തോട് ചേർന്നുള്ള ഭാഗത്ത് നടത്തിയ പരിശോധനയിൽ പക്ഷേ ഒന്നും കണ്ടെത്താനായില്ല. രാവിലെ 11 മണിയോടെയാണ് കൊച്ചിയിൽ നിന്നുള്ള നേവിയുടെ അഞ്ചംഗ സംഘം ചാലിയാറിൽ ഇറങ്ങിയത്
ദീർഘനേരം വെള്ളത്തിന് അടിയിൽ പരിശോധന നടത്താൻ വേണ്ട സർവ സംവിധാനവുമായാണ് നേവി സംഘം എത്തിയത്. പാലത്തിൻ്റെ രണ്ടും മൂന്നും തൂണുകൾക്കിടയിലും പുഴയുടെ തീരത്തോട് ചേർന്നുള്ള സ്ഥലങ്ങളിലുമായിരുന്നു തെരച്ചിൽ. കനത്ത മഴയും ശക്തമായ കുത്തൊഴുക്കും തെരച്ചിലിലിന് തടസ്സമാകുന്നു എന്ന് എസ്.പി. സുജിത്ത് ദാസ് എസ്. പറഞ്ഞു. അടുത്ത ദിവസങ്ങളിലും കൂടി നേവിയുടെ സേവനം ലഭ്യമാക്കാൻ ശ്രമം നടത്തും എന്നും അദ്ദേഹം പറഞ്ഞു
പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയെന്നാണ് മുഖ്യ പ്രതി ഷൈബിൻ അഷറഫ് പോലീസിനോട് പറഞ്ഞത്. അവശിഷ്ടങ്ങൾ തളളിയ ഭാഗവും ഷൈബിൻ പോലീസിന് കാണിച്ചുകൊടുത്തിരുന്നു. അഗ്നിശമന സേന, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളിലെ വിദഗ്ദ്ധരും കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി തപ്പി എങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് പരിശോധന എന്നത് കൊണ്ട് ശരീരാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള സാധ്യത കുറവാണ്. പക്ഷേ അവസാന ശ്രമം എന്ന നിലയിലാണ് നേവിയുടെ സേവനം പോലീസ് ഉപയോഗപ്പെടുത്തുന്നത്
2019 ഓഗസ്റ്റിൽ മൈസൂരിൽ നിന്നും തട്ടിക്കൊണ്ടു വന്ന മൂലക്കുരു ഒറ്റമൂലി വൈദ്യൻ ഷാബാ ഷെരീഫിനെ 2020 ഒക്ടോബറിൽ തടങ്കലിൽ വച്ച് ഷൈബിൻ അഷ്റഫ് മർദിച്ചു കൊന്നു എന്നാണ് കേസിലെ മറ്റൊരു പ്രതി നൗഷാദ് പോലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം കഷണങ്ങൾ ആക്കി മുറിച്ച് വെട്ടിയരിഞ്ഞ് പുഴയിൽ തള്ളി എന്നുമായിരുന്നു നൗഷാദിന്റെ വെളിപ്പെടുത്തൽ