ഭിൽവാര (രാജസ്ഥാൻ): രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന കൊലപാതക കഥ ബോളിവുഡ് ത്രില്ലർ സിനിമകളെ പോലും വെല്ലുന്നതാണ്. അജ്ഞാത മൃതശരീരം കിട്ടിയതും അതിനുപിന്നിലെ കാരണവും പൊലീസിനെ പോലും അമ്പരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഭിൽവാരയിലെ ഗുവാറടി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് മധ്യവയസ്കന്റെ മൃതദേഹം പൊലീസ് പട്രോളിംഗ് സംഘം കണ്ടെടുത്തത്. കൊല്ലപ്പെട്ടയാളുടെ കൈയും കാലും കെട്ടിയനിലയിലായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ മരിച്ച വ്യക്തി ബൽബീർ സിംഗ് ഖരോളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണത്തിൽ ബൽബീർ ഒരു പ്രാദേശിക പണമിടപാടുകാരനാണെന്നും ഇയാൾ കടുത്ത കടക്കെണിയിലാണെന്നും കണ്ടെത്തി. കൊലപാതകത്തിന് ഒരാഴ്ച മുമ്പ് മരിച്ചയാൾ നടത്തിയ ഫോൺ കോളുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉത്തർപ്രദേശിൽ നിന്നുള്ള സുനിൽ യാദവ്, രാജ്വീർ നായിക് എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും ബൽബീറിനെ കൊന്നതായി സമ്മതിച്ചു. എന്നിരുന്നാലും, അവരുടെ കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം പൊലീസുകാരെ ശരിക്കും അത്ഭുതപ്പെടുത്തി. ബൽബീർ തന്നെയാണ് തങ്ങൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ബൽബീർ 20 ലക്ഷം രൂപ വായ്പയെടുത്തതായും തുടർന്ന് ഇത് നിരവധി പേർക്ക് വായ്പ നൽകിയതായും ഭിൽവാര പൊലീസ് സൂപ്രണ്ട് ഹരേന്ദ്ര മഹാവർ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. പലിശയും മുതലും ഇവർ തിരിച്ചടച്ചിരുന്നില്ല.
സമ്മർദ്ദത്തിലായതോടെ ബൽബീർ സ്വന്തം കൊലപാതകം ആസൂത്രണം ചെയ്തു. ക്വട്ടേഷൻ നൽകുന്നതിന് മുമ്പ് അദ്ദേഹം 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി എടുത്തു. 8,000 രൂപയുടെ ആദ്യ പ്രീമിയവും അടച്ചു. പിന്നാലെ രണ്ട് കൊലയാളികളെ 80,000 രൂപയ്ക്ക് വാടകയ്ക്കെടുത്തു. 5000 രൂപ ഇവർക്ക് അഡ്വാൻസ് നൽകി. ഈ തുക കൊലയാളികളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. തുടർന്ന് കൊലയാളി സംഘത്തോടൊപ്പം ഗുവാറടി നളയിലേക്ക് ഒപ്പം പോവുകയായിരുന്നു.