കാൺപുർ: ഗർഭിണിയായ 20 കാരിയെ മാതാപിതാക്കൾ കൊലപ്പെടുത്തിയശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളി. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒക്ടോബർ 25 നാണ് പ്രതാപ്ഗഡ് ജില്ലയിലെ അലാപൂരിനടുത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് നവാബ്ഗഞ്ച് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) അഖിലേഷ് പ്രതാപ് സിംഗ് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മാതാപിതാക്കളാണ് കൊല നടത്തിയതെന്ന് വ്യക്തമായത്.
കിഷുന്ദസ്പൂർ ഗ്രാമവാസിയായ കമലേഷ് കുമാർ യാദവിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മകളെ കൊലപ്പെടുത്തിയതായും അജ്ഞാതനായ കൊലയാളിക്കെതിരെ പോലീസിന് പരാതി നൽകിയതായും ഇയാൾ ആരോപിച്ചിരുന്നു. നവാബ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അതേസമയം, മരിക്കുമ്പോൾ യുവതി ഗർഭിണിയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കമലേഷ് കുമാർ യാദവിനെയും ഭാര്യ അനിത ദേവിയെയും വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതായി എസ്എച്ച്ഒ അറിയിച്ചു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. മകളെ മർദ്ദിച്ചു അവശയാക്കിയശേഷം വെട്ടി കൊല്ലുകയായിരുന്നുവെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ 24 ന് വയറുവേദനയെത്തുടർന്ന് മകളെ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം അൾട്രാസൗണ്ട് പരിശോധനയ്ക്ക് കൊണ്ടുപോയതായി മാതാപിതാക്കൾ വെളിപ്പെടുത്തി.
മകൾ ആറുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് ഗർഭച്ഛിദ്രം നടത്താനായി ഒരു ഡോക്ടറുടെ അടുത്തുകൊണ്ടുപോയെങ്കിലും, ഇപ്പോഴത്തെ അവസ്ഥയിൽ അത് ചെയ്യുന്നത് യുവതിയുടെ ജീവന് ഭീഷണിയാകുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. അതിനുശേഷം വീട്ടിൽ എത്തിയപ്പോൾ ആരാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും യുവതി ഒന്നും പറഞ്ഞില്ല. ഇതോടെയാണ് മാതാപിതാക്കൾ യുവതിയെ മർദ്ദിക്കാൻ തുടങ്ങിയത്. ഒടുവിൽ സമീപത്തിരുന്ന ആയുധമുപയോഗിച്ച് യുവതിയെ വെട്ടിക്കൊല്ലുകയായിരുന്നു.
അതിനുശേഷം രാത്രിയോടെ യുവതിയുടെ മൃതേദഹം അലാപൂരിനടുത്ത് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. പിന്നീട് യുവതിയെ കാണാനില്ലെന്നുകാട്ടി പൊലീസിൽ പരാതി നൽകി. പിറ്റേദിവസം തിരിച്ചറിയാനാകാത്തവിധം റെയിൽവേട്രാക്കിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് കമലേഷ് കുമാർ യാദവ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മകളുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു പരാതി കൂടി ഇയാൾ പൊലീസിൽ നൽകി.
ഇതിനിടെ കമലേഷ് കുമാറിന്റെ മൊഴിയെടുക്കുന്നതിനിടെ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിച്ചത്. ഇതോടെ ഭാര്യയെയും വിളിച്ചുവരുത്ത ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് ഇരുവരും മകളെ കൊലപ്പെടുത്തിയ വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച് മഴു കണ്ടെടുത്തു. ദമ്പതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.