വെള്ളിയാഴ്ച രാത്രി എഴു മണിക്കും എട്ടിനും ഇടയിലാണ് കൊലപാതകം നടന്നത്. കൊല നടത്തിയശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിലും മൊഴിയിലും സംശയം തോന്നിയ പൊലീസ്, താമസസ്ഥലത്തുവെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മഹേഷ് കുമാർ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. രത്നവല്ലിയുടെ മൃതദേഹം നഗ്നമായ നിലയിൽ വീടിന് സമീപത്തെ ജാതിതോട്ടത്തിൽ കിടക്കുന്നത് മഹേഷ് കുമാർ തന്നെ പൊലീസിന് കാണിച്ചുകൊടുത്തു. ഭാര്യയെ കൊന്നശേഷം മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
അടുത്തകാലത്തായി ഭാര്യയ്ക്ക് തമിഴ്നാട് സ്വദേശിയായ മുത്തു എന്നയാളുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് മഹേഷ് കുമാർ പൊലീസിനോട് സമ്മതിച്ചു. അടുത്തിടെയായി ഭാര്യ മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുകയും, ഫോണിൽ കൊഞ്ചിക്കുഴഞ്ഞുള്ള സംസാരം നടത്തുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയതെന്ന് പ്രതി പറഞ്ഞു. ഇതേച്ചൊല്ലി നിരവധി തവണ ഭാര്യയുമായി വഴക്കുണ്ടായി. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി, ഭാര്യ കൂടുതൽ സമയം വാട്സാപ്പ് ഉപയോഗിക്കുന്നതും മഹേഷ് കുമാറിൽ സംശയം വർദ്ധിപ്പിച്ചു.
ഇന്നലെയും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. അതിനിടെയാണ് വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ച് ഭാര്യയെ മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊന്നതെന്ന് മഹേഷ് കുമാർ പൊലീസിനോട് പറഞ്ഞു. ഇതിന് ശേഷം മഹേഷ്കുമാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി, ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. എന്നാൽ മഹേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് പ്രതിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ഇതോടെ പൊലീസിന്റെ സംശയം വർദ്ധിക്കുകയായിരുന്നു.
ഇതോടെ പൊലീസ് സംഘം മഹേഷ് കുമാറിനെയും കൂട്ടി ഇയാൾ ഭാര്യയ്ക്കൊപ്പം താമസിച്ചിരുന്ന വീട്ടിലെത്തി. ഇവിടെവെച്ച് മഹേഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഭാര്യയെ കൊന്ന കാര്യം ഇയാൾ സമ്മതിച്ചത്. വീടിന് സമീപത്തെ ജാതിത്തോട്ടത്തിൽ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ജാതിതോട്ടത്തിൽ പരിശോധന നടത്തിയ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.