തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് ഒരാളുടെ മൊഴിയെടുത്തു. ചൊവ്വാഴ്ച രണ്ടാമത്തെ ആളുടെ മൊഴിയെടുക്കും. ആകെ നാലുപേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഈ ആഴ്ച തന്നെ ഇവരുടെയും മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും.
നേരത്തെ സംഭവത്തിന്റെ ദൃക്സാക്ഷികളായ നാലുപേരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ തന്നെ രഹസ്യമൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം രേഖപ്പെടുത്തുന്നത്. സംഭവം നടന്നയുടന്‍ അവിടെയെത്തിയ ശാസ്തമംഗലം സ്വദേശി ജോബി, ബെന്സന്, ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരായ ഷഫീക്ക്, മണിക്കുട്ടന് എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തില്‍ കാറോടിച്ചിരുന്നെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായുമാണ് ഈ നാല് സാക്ഷികളും അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരുന്നത്. കേസില്‍ നിര്‍ണായകമാകാവുന്ന ശ്രീറാമിന്റെ രക്തസാംപിള്‍ പരിശോധന വൈകിപ്പിച്ച സാഹചര്യത്തില്‍ അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നുവെന്ന വിവരം ദൃക്സാക്ഷികളുടെ മൊഴിയായി കോടതിയില്‍ രേഖപ്പെടുത്താനാണ് രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുന്നത്.
ഇതിനിടെ കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നല്കിയ മൊഴി കേസിലെ അട്ടിമറി നീക്കം വ്യക്തമാക്കുന്നതായി. അപകടത്തില്‍ തനിക്കേറ്റ പരിക്ക് പര്‍വതീകരിച്ചു കാണിക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. നിസാര പരിക്കുള്ള ശ്രീറാമിന് ഗുരുതരമായ പരിക്കാണെന്ന് വരുത്തിത്തീര്‍ത്ത് വി ഐ പി ചികിത്സ ലഭ്യമാക്കുകയായിരുന്നെന്ന ആരോപണം ശരിവക്കുന്നതാണ് കിംസിലെ കാഷ്വാലിറ്റി ഡോക്ടര്‍മാരുടെ മൊഴി. ജനറല്‍ ആശുപത്രിയില്‍ നിന്ന് കിംസില്‍ എത്തിയ ശ്രീറാമിന്റെ പരിക്ക് ഗുരുതരമല്ലെന്ന മൊഴിയാണ് ഡോക്ടര്‍മാര്‍ നല്‍കിയിരുന്നത്.