കളിയിക്കാവിള: സംസ്ഥാന അതിർത്തിയായ തിരുവനന്തപുരം കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെ അജ്ഞാതസംഘം വെടിവച്ചു കൊന്ന സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ബൈക്കിലെത്തി വെടിയുതിർത്ത സംഘം കേരള അതിർത്തിയിലേക്ക് കടന്നതായാണ് സൂചന. ഇതോടെ തമിഴ്നാട്-കേരള പൊലീസ് സംഘങ്ങളാണ് പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തുന്നത്. പ്രത്യക സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്പെഷ്യൽ സബ് ഇൻസ്പെക്ടർ വിൽസൻ(57) കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിർത്തത്. കൊലക്കേസ് പ്രതിയായിരുന്ന രാജ്കുമാറും മറ്റൊരാളും മുഖംമറച്ച് ബൈക്കിലെത്തി, കളിയിക്കാവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസനുനേരെ വെടിയുതിർക്കുകയായിരുന്നു.