പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി പൊലീസ്. അറസ്റ്റിലായവര്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവിട്ടത്. കേസിലെ യുഎപിഎ വകുപ്പുകള്‍ എടുത്തുകളയാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങിയതിന് പിന്നാലെയാണ് കുരുക്ക് മുറുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.
തെളിവെടുപ്പിന് വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിക്കുന്ന വീഡിയോയാണ് പൊലീസ് ആദ്യം പുറത്തുവിട്ടത്. ഇതില്‍ 'ഇന്‍ക്വിലാബ് സിന്ദാബാദ്, മാവോയിസ്റ്റ് സിന്ദാബാദ്, മഞ്ചക്കണ്ടി രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍' എന്നുവിളിക്കുന്നത് വ്യക്തമാണ്. എന്നാല്‍ കഞ്ചാവ് കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ തന്നെ പറയുന്ന വീഡിയോ പുറത്തുവന്നതോടെ പൊലീസ് പ്രതിരോധത്തിലായി. താഹയുടെ സഹോദരന് ചിത്രീകരിച്ചതാണ് ഈ വീഡിയോ.
പക്ഷേ ഇതിന് പിന്നാലെ താഹയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അവകാശപ്പെടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കോഡുഭാഷയിലുള്ള നോട്ട് ബുക്കുകള്‍, കാശ്മീരിന്റെ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന മാവോയിസ്റ്റ് പാര്‍ട്ടി പശ്ചിമഘട്ടമേഖല കമ്മിറ്റിയുടെ ബാനര്‍, ലഘുലേഖ, സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്ന് പറയുന്ന രേഖകള്‍, സിപിഐ മാവോയിസ്റ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള സര്‍ക്കുലര്‍, പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുത്തതിന്റെ മിനുട്ട്സ് തുടങ്ങിയവ ഇതില്‍പ്പെടുന്നു.
കശ്മീരില്‍ അധിനിവേശ വാഴ്ച നടത്തുന്ന ഇന്ത്യന്‍ ഭരണകൂടത്തെ ചെറുക്കുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ കലാപം ചെയ്യുക എന്ന് എഴുതിയ ബാനര്‍ സിപിഐ മാവോയിസ്റ്റിന്റെ പേരിലാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, കാശ്മീര്‍, പൗരത്വ ബില്‍ തുടങ്ങിയവയ്ക്കെതിരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണമെന്നാണ് സര്ക്കുലറിലെആഹ്വാനം. ഒരാള്‍ കൂടി കേസില്‍ പിടിയിലാവാനുണ്ടെന്നും തിരച്ചില്‍ ഊര്‍ജിതമാണെന്നും പൊലീസ് പറയുന്നു.
യുഎപിഎ കേസില്‍ പ്രോസിക്യൂഷന് അയഞ്ഞ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പൊലീസ് തെളിവുകള്‍ പുറത്തുവിടുന്നത് എന്നത് ശ്രദ്ധേയമാണ്. അലനും താഹയ്ക്കും ലഭിച്ച പൊതുസമൂഹത്തിന്റെ പിന്തുണ പൊലീസിനെ പ്രതിരോധത്തിലാക്കിയിരുന്നു. യുഎപിഎ ചുമത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് തെളിയിക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് സൂചന. താഹയെ കേന്ദ്രീകരിച്ചാണ് പൊലീസ് നടത്തുന്ന നീക്കങ്ങള്‍.
പക്ഷേ മാവോയിസ്റ്റ്പാര്ട്ടിയുമായി ബന്ധപ്പെടുത്തുന്നതൊന്നും സൂക്ഷിക്കരുതെന്ന് പറയുന്ന രേഖകള്‍ തന്നെ പിടിച്ചെടുത്തതും അവ ഒന്നിനു പിന്നാലെ ഒന്നായി പുറത്തുവരുന്നതും ദുരൂഹതയുണ്ടാക്കുന്നുണ്ട്. ഇതെല്ലാം പൊലീസിന്റെ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്ന താഹയുടെയും അലന്റെയും ബന്ധുക്കളുടെ വാദമായിരിക്കും പ്രോസിക്യൂഷന് കോടതിയില്‍ ഉയര്‍ത്തുക.