മുംബൈ: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തയാളെ മർദ്ദിച്ചുകൊന്നു. നവി മുംബൈയിലാണ് സംഭവം. സച്ചിൻ പാട്ടീൽ(35) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സച്ചിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ റബാലെ എംഐഡിസി പോലീസ് അറസ്റ്റുചെയ്തു.
സച്ചിനെ മർദ്ദിച്ച ആകാശ് ഗെയ്ക്ക് വാദ് എന്നയാളെയാണ് പൊലീസ് ആദ്യം അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജനുവരി അഞ്ചു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.