ഭോപ്പാൽ: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്, അയൽക്കാരനെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സത്ന ജില്ലയിലെ രാം നഗർ പോലീസ് സ്റ്റേഷന് കീഴിലുള്ള ബാംനാഡി ഗ്രാമത്തിലാണ് സംഭവം. 45 കാരനായ മഹേഷ് പട്ടേലിനെ കൊലപ്പെടുത്തിയ കേസിൽ സജ്ജു കോൾ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ഭാര്യയുയമായി അയൽക്കാരൻ ലൈംഗിക ബന്ധം പുലർത്തിയതോടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമായി. തർക്കത്തിനൊടുവിൽ അയൽവാസിയെ പ്രതി ക്രൂരമായി മർദ്ദിച്ചു. അതിനുശേഷം സമീപത്തിരുന്ന കോടാലിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. വെട്ടേറ്റ മഹേഷ് തൽക്ഷണം മരിച്ചു. നാട്ടുകാർ നോക്കിനിൽക്കവെയായിരുന്നു കൊലപാതകം. പോലീസ് സൂപ്രണ്ട് സത്ന ധർമീർ സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.