കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും പട്ടാപ്പകല്‍ മോഷ്ടിച്ച് കടത്തിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അപകടത്തില്‍ പെട്ട് തകര്‍ന്നു. താമരശ്ശേരി കാരാടിയില്‍ നിന്നും കടത്തിക്കൊണ്ടുപോയ കാറാണ് കൊടുവള്ളി കളരാന്തിരിക്ക് സമീപം മതിലില്‍ ഇടിച്ച് തകര്‍ന്നത്. കാര്‍ മോഷ്ടിച്ചയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് താമരശ്ശേരി കാരാടിയില്‍ നിന്ന് KL 11 AV 7207 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കടത്തിക്കൊണ്ടുപോയത്. കുടുക്കിലുമ്മാലം അരേറ്റുംചാല് അഹമ്മദിന്റെ കാറാണ് ആളുകള്‍ നോക്കി നില്‍ക്കെ മോഷ്ടിച്ചു കൊണ്ടുപോയത്. കാര്‍ നിര്‍ത്തി താക്കോല്‍ എടുത്താതെയാണ് അഹമ്മദ് തൊട്ടടുത്ത കടയിലേക്ക് പോയത്. ഈ സമയത്താണ് മോഷ്ടാവ് കാറുമെടുത്ത് രക്ഷപ്പെട്ടത്.