ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ക്യാൻസർ രോഗിക്ക് ധനസഹായം വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് മുസ്ലീം മത പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാൻസർ ബാധിതനായ ജമീൽ സിദ്ദിഖിയിൽ നിന്നാണ് സീർട്ട്-ഉൻ-നബി അക്കാദമി ചെയർമാൻ അലി ക്വാഡ്രി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തത്. ക്യാൻസർ രോഗിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം വാങ്ങി നൽകാമെന്ന് ക്വാഡ്രി വാഗ്ദാനം ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ.
2020 ജനുവരിയിൽ ജമ്മു കശ്മീരിൽ പര്യടനം നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സന്ദർശിച്ച മുസ്ലീം മതനേതാക്കളുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ക്വാഡ്രി. ക്യാൻസർ രോഗിക്ക് സഹായത്തിനായി ക്വാഡ്രി പണം സ്വരൂപിച്ചതായാണ് കേസ്. ഐ പി സി സെക്ഷൻ 420 (വഞ്ചന), 406 എന്നിവ പ്രകാരം ബഞ്ചാര ഹിൽസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ അമ്മയെ കൊന്ന് ഒരു കോടി രൂപ തട്ടിയെടുത്ത മകൻ അറസ്റ്റിലായിരുന്നു. ഭാര്യയ്ക്കും കൂട്ടുകാർക്കും ഒപ്പം ചേർന്നാണ് മകൻ അമ്മയെ കൊലപ്പെടുത്തി വീട്ടിൽ നിന്നും 1 കോടിയോളം രൂപയുടെ ആഭരണം കവർന്നത്. ഉത്തർപ്രദേശിലെ അലിഗഢിൽ സരോജ് നഗർ കോളനിയിലാണ് സംഭവം. കാഞ്ചൻ വെർമ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. ഇവരുടെ മകൻ യോഗേഷ് വെർമയാണ് അമ്മയെ കൊന്ന് ആഭരണവുമായി മുങ്ങിയത്. തൊഴിൽരഹിതനായ യോഗേഷിനെ സാമ്പത്തികമായി സഹായിക്കാൻ അമ്മ തയ്യാറാകത്തതിലുള്ള അമർഷമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം.
കാഞ്ചൻ വെർമയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. യോഗേഷും മറ്റ് മൂന്ന് പേരും ചേർന്ന് വീട്ടിൽ നിന്നും കാഞ്ചന്റെ സ്വർണം, വജ്രം, വെള്ളി ആഭരണങ്ങൾ കവർന്നതായി കണ്ടെത്തി. ആറ് മാസം മുമ്പായിരുന്നു യോഗേഷിന്റെ വിവാഹം. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചാണ് യോഗേഷ് സോനം എന്ന യുവതിയെ വിവാഹം ചെയ്തത്. ഇതിനു ശേഷം വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ജോലിയില്ലാത്തതിനാൽ സാമ്പത്തികമായി പ്രതിസന്ധി നേരിട്ടതോടെ സഹായത്തിനായി യോഗേഷ് അമ്മയെ സമീപിച്ചിരുന്നു. തുടർന്നാണ് സ്വന്തം വീട്ടിൽ കവർച്ച നടത്താൻ യോഗേഷ് കൂട്ടുകാരുമായി ചേർന്ന് പദ്ധതിയിട്ടത്.
സുഹൃത്തായ തനുജ്, ഇയാളുടെ കാമുകി ഷേജൽ ചൗഹാൻ, യോഗേഷിന്റെ ഭാര്യ സോനം എന്നിവരുടെ സഹായത്തോടെയായിരുന്നു അക്രമം എന്ന് പൊലീസ് പറയുന്നു. സോനം ഗർഭിണിയുമാണ്. വെള്ളിയാഴ്ച്ച ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ ആക്കിയതിന് ശേഷം യോഗേഷ് തനുജിനും ഷേജലിനുമൊപ്പം തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. വീട് എത്തുന്നതിന് അൽപ്പം മുമ്പിലായി ഷേജലിനെ വഴിയിൽ നിർത്തി. വീട്ടിലേക്ക് ആരെങ്കിലും വരുന്നെങ്കിൽ മുന്നറിയിപ്പ് നൽകാനായിരുന്നു ഇത്. ഇതിനു ശേഷം യോഗേഷും തനുജും ചേർന്ന് വീട്ടിലേക്ക് കയറി. കാഞ്ചൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ മകനേയും കൂട്ടുകാരനേയും കാഞ്ചൻ വീട്ടിനകത്തേക്ക് കയറ്റി. വീട്ടിൽ നിന്നും തന്റെ വസ്ത്രങ്ങൾ എടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു യോഗേഷ് എത്തിയത്. വീട്ടിനകത്തേക്ക് കയറിയ യോഗേഷ് കാഞ്ചനെ ധരിച്ചിരുന്ന സാരി കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.